NationalNews

സ്‌കൂള്‍ തുറന്നില്ലെങ്കില്‍, വോട്ടില്ല; വേറിട്ട പ്രതിഷേധവുമായി രക്ഷിതാക്കളും അധ്യാപകരും

അമൃത്സർ: കോവിഡ് നിയന്ത്രണങ്ങളേത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറക്കാത്തതിനെതിരേ പഞ്ചാബിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം. സ്കൂൾ തുറക്കുന്നില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും സ്കൂൾ അധികൃതരും പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ഫെബ്രുവരി എട്ട് വരെ അടച്ചിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് എതിരേ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും അധ്യാപകരും. സ്കൂളുകൾ വീണ്ടും തുറന്നില്ലെങ്കിൽ, ഞങ്ങൾ വോട്ട് രേഖപ്പെടുത്തില്ലെന്ന് അവർ പറഞ്ഞു.

സ്കൂളുകൾ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് അൺ എയ്ഡഡ് സ്കൂൾ അസോസിയേഷന്റെ നേതൃത്തിൽ ശനിയാഴ്ച സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. നിയന്ത്രണങ്ങൾ പിൻവലിക്കാത്തതിനെതിരേ ബർണല നഗരത്തിൽ നൂറ് കണക്കിനാളുകൾ പ്രതിഷേധിച്ചു. പത്തോളം സ്കൂളുകളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

സ്കൂൾ തുറക്കണം എന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് പ്രക്ഷോഭത്തിൽ പങ്കെടുന്ന പ്രധാനാധ്യാപകരിലൊരാളായ എംഎ സൈഫി പറഞ്ഞു. ഒൻപത് മാസക്കാലമാണ് കഴിഞ്ഞ വർഷം സ്കൂളുകൾ അടഞ്ഞുകിടന്നത്. ഇപ്പോൾ ജനുവരി അഞ്ച് മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ജീവനക്കാരും വിദ്യാർഥികളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. എല്ലാം തുറന്നുകൊടുക്കുമ്പോൾ സ്കൂളുകൾ മാത്രം അടച്ചിടുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button