CricketNationalNewsSports

വനിതാ എഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ വനിതകളുടെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്. ആദ്യ കിരീടമെന്ന മോഹവുമായി കലാശപ്പോരിനിറങ്ങിയ ശ്രീലങ്ക നിരാശയോടെ മടങ്ങി.

ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം ബാറ്റേന്തി. ഓപ്പണര്‍ സ്മൃതി മന്ദാന തകര്‍ത്തടിച്ചു കളിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 32-ല്‍ നില്‍ക്കേ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിനേയും കൂട്ടുപിടിച്ച് മന്ദാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 65 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ ഒമ്പത് ഓവറിനിടെ തന്നെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

ഓപ്പണര്‍മാരായ ചമരി അത്തപ്പത്തുവും അനുഷ്‌ക സഞ്ജീവനിയും തുടക്കത്തില്‍ തന്നെ മടങ്ങി. ആറ് റണ്‍സെടുത്ത അത്തപ്പത്തു റണ്‍ ഔട്ടായി. രേണുക സിങ് എറിഞ്ഞ നാലാം ഓവറില്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ ഹര്‍ഷിത മാധവി ഒരു റണ്ണെടുത്ത് മടങ്ങി. പിന്നാലെ അനുഷ്‌ക സഞ്ജീവനിയും റണ്‍ ഓട്ടായി. അടുത്ത പന്തില്‍ ഹസിനി പെരേര റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒമ്പത് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി.

കവിഷ ദില്‍ഹാരി(1), നിലാക്ഷി ഡി സില്‍വ(6), മല്‍ഷ ഷെഹാനി(0) എന്നിവരും വേഗത്തില്‍ കൂടാരം കയറി. 13 റണ്‍സെടുത്ത ഒഷാധി രാണസിങ്കെയെ ഗയക്വാദും പുറത്താക്കി. ടീം 43-ല്‍ നില്‍ക്കേ ആറ് റണ്ണെ സുഗന്ധിക കുമാരിയെ സ്‌നേഹ റാണ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഇറങ്ങിയ ഇനോക റാണ വീരയും അച്ചിനി കുലസൂരിയയും ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 65 റണ്‍സെടുത്തു.

മൂന്ന് ഓവറില്‍ ഒരു മെയിഡിനുള്‍പ്പടെ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രാജേശ്വരി ഗയക്വാദും സ്‌നേഹ റാണയും രണ്ട് വീതം വിക്കറ്റെടുത്തു.

സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. 74 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തായ്‌ലന്‍ഡിന് 74 റണ്‍സെടുക്കാനേ സാധിച്ചുളളൂ. ആവേശകരമായ രണ്ടാം സെമിയില്‍ പാകിസ്താനെ ഒരു റണ്ണിന് കീഴടക്കിയാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.

ഇന്ത്യയുടെ ഏഴാം ഏഷ്യ കപ്പ് കിരീടമാണിത്. 2004-മുതല്‍ 2016 വരെ നടന്ന ആറ് ടൂര്‍ണമെന്റിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. 2018-ല്‍ ഫൈനലിലെത്തിയെങ്കിലും ബംഗ്ലാദേശിനോട് തോറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker