വടക്കഞ്ചേരി: പൊള്ളാച്ചിയില്‍ നിന്ന് വടക്കഞ്ചേരിയിലെ വീട്ടിലെത്താന്‍ സ്വന്തം അമ്മ മരിച്ചെന്ന് കള്ളത്തരം പറഞ്ഞ് മകള്‍. പക്ഷേ, ക്ലൈമാക്സ് പൊളിഞ്ഞു. ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ മരിച്ചെന്ന് കള്ളംപറഞ്ഞ് ബൈക്കിലാണ് മകള്‍ കേരളത്തില്‍ എത്തിയത്. ഗോവിന്ദാപുരം അതിര്‍ത്തിയിലെത്തിയ ഇവര്‍ തന്റെ അമ്മ മരിച്ചെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, അതിര്‍ത്തിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകരോട് സംഭവം സത്യമാണോ എന്നന്വേഷിക്കാന്‍ ഏര്‍പ്പെടുത്തി. വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ താമസിക്കുന്ന ഭാഗത്തുള്ള ആശാ പ്രവര്‍ത്തകയെ വിളിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ആശാപ്രവര്‍ത്തക അറിയിച്ചു. ഇതോടെ യുവതിയെ അതിര്‍ത്തി കടത്തിവിട്ടു. ഏഴരയോടെ വീട്ടിലുമെത്തി.
പിന്നീടാണ് ട്വിസ്റ്റ് നടന്നത്. പത്തുമണിയോടെ ആശാപ്രവര്‍ത്തക വീണ്ടും വടക്കഞ്ചേരി വകുപ്പധികൃതരെ വിളിച്ച് അമ്മ മരിച്ചിട്ടില്ലെന്ന് അറിയിച്ചു. പൊള്ളാച്ചിയില്‍നിന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ മകള്‍ പുറപ്പെടുംമുമ്പ് ആശാപ്രവര്‍ത്തകയെ വിളിച്ച് അമ്മ മരിച്ചെന്നും നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നുവത്രേ. ഇതിനുശേഷം ആറുമണിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകയെ വിളിച്ച് വിവരമന്വേഷിച്ചത്. അതുകൊണ്ട് സംഭവം സത്യമാണെന്നാണ് ധരിച്ചതെന്ന് ആശാപ്രവര്‍ത്തക പറഞ്ഞു.
രാത്രി പത്തുമണിയോടെ ആശാപ്രവര്‍ത്തകയുടെ ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍പ്പോയി അന്വേഷിച്ചുവന്നപ്പോഴാണ് സത്യം മനസ്സിലായത്. തുടര്‍ന്ന്, ആരോഗ്യവകുപ്പധികൃതരും പോലീസും പൊള്ളാച്ചിയില്‍ നിന്ന് വീട്ടിലെത്തിയ സ്ത്രീയെ ചോദ്യംചെയ്തപ്പോള്‍ ആശാപ്രവര്‍ത്തക ഇവരുടെ ബന്ധുവാണെന്ന് മനസ്സിലായി.
പൊള്ളാച്ചിയില്‍നിന്ന് അതിര്‍ത്തിവരെ ഒരു ബൈക്കിലും അതിര്‍ത്തിയില്‍നിന്ന് വടക്കഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒപ്പവുമാണ് ഇവര്‍ വീട്ടിലെത്തിയതെന്നും തെളിഞ്ഞു. ഇതോടെ, രണ്ടുപേരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.