പെരിന്തല്‍മണ്ണ: മത വിശ്വാസം ഉപേക്ഷിച്ചതിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി പെരിന്തല്‍മണ്ണ സ്വദേശിനി സി.കെ ഷെറീന. മതപണ്ഡിതന്‍ ആയ തന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണെന്നും ഫേസ്ബുക്കിലൂടെ യുവതി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തില്‍ വാര്‍ത്ത വന്നു. ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകള്‍ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഞാന്‍ സേഫ് ആണ്.. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയില്‍ എത്തിച്ചത്. മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി.
ഫോണ്‍ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ ഇരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിച്ചു. കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു.
മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്.
ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ ഒന്നും പോവില്ല. പോരാടാന്‍ തന്നെയാണ് തീരുമാനം. പോലീസ് സ്റ്റേഷന്‍ലേക്ക് പോവുകയാണ്. പരാതി കൊടുത്താല്‍ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉള്‍പ്പെടെ ഭീഷണി. അതിനാല്‍ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും.
എന്ന്
ഷെറീന സി കെ