കണ്ണൂര്‍: മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ചു. പയ്യാവൂര്‍ സ്വദേശിനി സ്വപ്ന അനീഷ്(34) ആണു മരിച്ചത്. ഇവരുടെ ഇളയമകള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 11 വയസുള്ള മൂത്തമകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്കു കാരണമെന്നാണു സൂചന. സ്വപ്നയുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. പയ്യാവൂരില്‍ അക്കൂസ് കളക്ഷന്‍സ് എന്ന റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27-ന് രാത്രിയാണ് സ്വപ്ന രണ്ടു മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കിയശേഷം ആത്മഹത്യക്കു ശ്രമിച്ചത്. എന്നാല്‍, രാവിലെ ഇളയ മകളെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്ന തന്നെയാണു വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കു മാറ്റി. എന്നാല്‍, കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ സ്വപ്നയും മരിക്കുകയായിരുന്നു.
വായ്പയെടുത്ത് ഇവര്‍ വീടും സ്ഥലവും വാങ്ങിയിരുന്നു. ലക്ഷങ്ങളുടെ ചിട്ടിയും ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. മരണത്തിനു പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് പയ്യാവൂര്‍ പോലിസില്‍നിന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.