CrimeInternationalNews

അമ്മയെ പീഡിപ്പിച്ചയാളെ നിയമത്തിനു മുന്നിലെത്തിച്ച് യുവതി,അഴിയ്ക്കുള്ളിലായത് സ്വന്തം പിതാവ്

ലണ്ടൻ:1970 -കളിൽ ബർമിംഗ്ഹാമിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 74 -കാരൻ കാർവെൽ ബെന്നറ്റിനെ കോടതി 11 വർഷം തടവുശിക്ഷയ്ക്ക് ശിക്ഷിച്ചു. ആക്രമണത്തിൽ പെൺകുട്ടി ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ആ പെൺകുട്ടിയാണ് വർഷങ്ങൾക്ക് ശേഷം അച്ഛനെ തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്.തന്റെ അമ്മയോട് ചെയ്തതിന് കണക്ക് ചോദിക്കാൻ മകൾ നിയമത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു. ഡെയ്സി എന്നാണ് മകളുടെ പേര്.

നാല്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ്. അന്ന് വെറും പതിമൂന്നു വയസുള്ള ഡെയ്സിയുടെ അമ്മയ്ക്ക് ബെന്നറ്റിന്റെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു. ഒരു ദിവസം വൈകുന്നേരം ബെന്നറ്റ് അവളെ മുകളിലുള്ള അയാളുടെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. തുടർന്ന് പെൺകുട്ടിയോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഒന്നും പേടിക്കാനില്ലെന്ന് അയാൾ അവളോട് പറഞ്ഞുകൊണ്ടിരുന്നു. ഒരു കുഞ്ഞായ അവൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. അയാൾ അവളെ ഉപദ്രവിച്ചു. ആരോടും പറയരുതെന്ന് അവളെ ഭീഷണിപ്പെടുത്തി. അവൾ ഭയന്ന് ആരോടും ഒന്നും മിണ്ടിയില്ല. എല്ലാ ശരിയാകുമെന്ന് അയാൾ അവളെ ആശ്വസിപ്പിച്ചു. എന്നാൽ ഒന്നും ശരിയായില്ല. അവൾ ഗർഭിണിയായി. ഒടുവിൽ ആശുപത്രിയിൽ വച്ച് അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അവൾക്ക് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഏഴ് മാസം പ്രായമായപ്പോൾ അവളെ ഒരു കുടുംബം ദത്തെടുത്തു. വേദനിക്കുന്ന മനസ്സോടെ അവൾ ആശുപ്രതി വിട്ടു. വീട്ടുകാർ എല്ലാം ചേർന്ന് ഇതെല്ലാം മറച്ചുവച്ചു. മകളാകട്ടെ ഇതൊന്നുമറിയാതെ പുതിയ വീട്ടിൽ വളർന്നു

കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ 45 -കാരിയായ ഡെയ്സി പറഞ്ഞു: “കാർവൽ ബെന്നറ്റ് നിങ്ങൾ ഒരു കുട്ടിയെ ബലാത്സംഗം ചെയ്തത് മൂലം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കി. 45 വർഷത്തോളം നിങ്ങൾ ശിക്ഷയിൽ നിന്ന് ഒഴിവായി. നിങ്ങൾക്ക് ഒരു കുടുംബമുണ്ട്. വിവാഹം കഴിക്കാനും കുട്ടികളോടൊപ്പം ജീവിക്കാനും അവർ വളരുന്നത് കാണാനും നിങ്ങൾക്ക് ഭാഗ്യമുണ്ടായി. എന്നാൽ നിങ്ങൾ ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തതിനാൽ, എന്റെ അമ്മയോടൊപ്പം എനിക്ക് ആശുപത്രിയിൽ കഴിയാൻ സാധിച്ചത് ഏഴ് ദിവസം മാത്രമാണ്. ഞങ്ങൾ ഇപ്പോഴും വേദന തിന്നുകൊണ്ടിരിക്കയാണ്.” പിന്നീട് വലുതായപ്പോൾ ഡെയ്സി സാമൂഹ്യ സേവന രേഖകൾ പരിശോധിക്കാൻ ഇടയായി. അപ്പോഴാണ് തന്റെ അമ്മ 13 -ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, തന്റെ പിതാവ് ബെന്നറ്റ് എന്നൊരാളാണെന്നും അവൾ മനസ്സിലാക്കിയത്. 1975 -ൽ ഇതിനെ സംബന്ധിച്ച് ഒരു കേസ് ഫയൽ ഉണ്ടായിരുന്നെന്നും, കേസ് പോലീസ് അന്വേഷിച്ചുവെങ്കിലും, പക്ഷേ ഒരിക്കലും കോടതിയിൽ എത്തിയില്ലെന്നും അവൾ കണ്ടെത്തി.

കുഞ്ഞായിരുന്നപ്പോൾ അമ്മയെ ബലാത്സംഗം ചെയ്ത അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഉറപ്പിച്ച് ഡെയ്‌സി തന്റെ പിതാവിനെ കണ്ടെത്താൻ തുനിഞ്ഞിറങ്ങി. തന്റെ 59 വയസ്സായ അമ്മയെയും അവൾ കണ്ടെത്തി. ബയോളജിക്കൽ ബന്ധം തെളിയിക്കാൻ അവൾ ഡിഎൻഎ ടെസ്റ്റുകളും നടത്തി. ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ, ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ ബലാത്സംഗക്കുറ്റത്തിന് പിതാവ് ശിക്ഷിക്കപ്പെട്ടു. യുകെ നിയമ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേസായി ഇത് കരുതപ്പെടുന്നു. 90 മിനിറ്റിനുള്ളിൽ വിചാരണ നടത്തി കോടതി അയാൾക്ക് ശിക്ഷ വിധിച്ചു. അയാൾ ജീവിതകാലം മുഴുവൻ തടവറകൾക്ക് പിന്നിൽ ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിധി അമ്മയ്ക്ക് സന്തോഷവും, സമാധാനവും നൽകിയെന്ന് ഡെയ്സി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker