മിനിറ്റുകള്‍ക്കുള്ളില്‍ യുവതിക്ക് കുത്തിവെച്ചത് മൂന്ന് വാക്സിനുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം. 28കാരിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്സിന്‍ കുത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു.
താനെയിലെ ആനന്ദ്നഗറിലെ വാക്സിന്‍ കേന്ദ്രത്തിലാണ് സംഭവം. ഭര്‍ത്താവിനോട് നടന്ന സംഭവം 28കാരി അറിയിക്കുകയായിരുന്നു. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. ഉടന്‍ തന്നെ ഭര്‍ത്താവ് പ്രദേശത്തെ ബിജെപി കൗണ്‍സിലറോട് പരാതിപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു. മുന്‍പ് വാക്സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. വാക്സിന്‍ എടുത്ത ദിവസം പനി ഉണ്ടായി. എന്നാല്‍ പിറ്റേദിവസം ആരോഗ്യനില സാധാരണനിലയിലായതായി ഭര്‍ത്താവ് പറയുന്നു.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം വീട്ടിലെത്തി യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ഖുശ്ബു തവാരേ പറഞ്ഞു.