കൂട്ടുകാര്‍ക്ക് വഴങ്ങണമെന്ന് കാമുകന്റെ ആവശ്യം; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാലിന്റെ ചലനശേഷി നഷ്ടമായി
ലക്‌നൗ: കൂട്ടുകാര്‍ക്ക് ശാരീരികമായി വഴങ്ങണമെന്ന കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പാലത്തില്‍ നിന്നു ചാടിയ യുവതിയുടെ നടുവിന് പരിക്കേറ്റ് കാലുകളുടെ ചലനശേഷി നഷ്ടമായി. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഷദാബ് എന്ന യുവാവിന്റെ ഭീഷണിയില്‍ 20 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അപകടത്തിലായത്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ യുവാവിനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.
യുവാവുമായി നാലുമാസം മുന്‍പാണ് യുവതി പ്രണയത്തിലായത്. ഒരു ബന്ധുവിന്റെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും കാമുകന്‍ എടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങളും വിഡിയോയും കാമുകന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യം യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പിന്നീട് സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു. യുവതിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പാലത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ യുവതിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. 40 അടി ഉയരമുള്ള പാലത്തില്‍ നിന്നുമായിരുന്നു യുവതി ചാടിയത്. ഇതോടെ പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെങ്കിലും കാലിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. നെട്ടെല്ലിന് പരിക്കേറ്റതാണ് പ്രശ്‌നമായത്.