തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ആക്ഷേപം. ഉദയംപേരൂര്‍ നടക്കാവ് മേക്കേവെളിയില്‍ സദാനന്ദന്റെ മകന്‍ നിതിന്‍(25) ആണ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരന്‍ അരുണിനെയുമാണ് പോലീസ് മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനില്‍ ഒരു സംഘം യുവാക്കള്‍ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചത്.
എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയന്‍ ധരിച്ച പോലീസുകാരനും കുനിച്ചു നിര്‍ത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം.
പിന്നീട് യഥാര്‍ഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ് യുവാക്കളെ പുലര്‍ച്ചെ രണ്ടോടെ വിട്ടയയ്ക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. അകാരണമായി മര്‍ദിച്ച പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.