സാവോപോളോ: ബ്രസീലിലെ നിന്നുള്ള ഒരു സ്ത്രീ വിവാഹം ചെയ്തത് ഒരു തുണിപ്പാവയെ, പോരാത്തതിന് ഇപ്പോൾ ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. 37 -കാരിയായ മെറിവോൺ റോച്ച മൊറേസാണ് പാവയെ വിവാഹം ചെയ്‍തത്. ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നി എന്നാണ് യുവതിയുടെ വാദം. അവൾക്ക് കളിക്കാനും, ഒരുമിച്ച് നൃത്തം വയ്ക്കാനും, കെട്ടിപ്പിടിച്ച് ഉറങ്ങാനും ഒക്കെയായി അവളുടെ അമ്മ ഉണ്ടാക്കി കൊടുത്താണ് ഈ പാവയെ. മാർസെലോ എന്നാണ് അവൾ അവനെ ഓമനിച്ച് വിളിക്കുന്നത്. ഒരാളോളം വലുപ്പമുണ്ട് പാവയ്ക്ക്.
തനിക്ക് പ്രേമിക്കാനോ, ഒരുമിച്ച് നൃത്തം വയ്ക്കാനോ, കളിതമാശകൾ പറയാനോ ഒരു കാമുകനില്ലെന്ന് മെറിവോൺ അമ്മയോട് പരാതി പറഞ്ഞുവത്രേ. അങ്ങനെയാണ് അമ്മ മകൾക്ക് ഒരു കൂട്ടാകട്ടെ എന്ന് കരുതി തുണിപ്പാവയെ ഉണ്ടാക്കി നൽകിയത്.
എന്നാൽ, ജീവിതത്തിൽ ഉടനീളം തനിക്ക് സ്നേഹിക്കാൻ മാർസെലോ മാത്രം മതിയെന്ന് യുവതി തീരുമാനിക്കുകയായിരുന്നു. ഇനി ഒരു പങ്കാളി വേണ്ട, പാവ മതിയെന്ന് ഉറപ്പിക്കാൻ അവൾക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല. “എന്റെ അമ്മ മാർസെലോയെ ഉണ്ടാക്കിയപ്പോൾ, അവനെ ആദ്യമായി പരിചയപ്പെടുത്തിയപ്പോൾ, എനിക്ക് അവനോട് പ്രണയം തോന്നി. ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നു” മൊറേസ് നീഡ്ടുനോ.ഓൺലൈനിനോട് പറഞ്ഞു.
അവളുടെ അതിഗാഢമായ പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തി നിന്നു. 250 ഓളം അതിഥികൾ പങ്കെടുത്ത ഒരു വലിയ ചടങ്ങായിരുന്നു അത്. ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണത്രെ ഇരുവരും. എന്നാലും, തന്റെ ഭർത്താവ് ഒരു മടിയനായി തീർന്നിരിക്കുന്നുവെന്ന് അവൾ പരാതിപ്പെട്ടു.
ഭർത്താവിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗുണം എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമാണ് എന്നവൾ പറയുന്നു. “നമുക്ക് എന്ത് വേണേലും പറയാം, തിരിച്ച് തർക്കിക്കില്ല, മറുത്തൊരു അക്ഷരം മിണ്ടില്ല. എന്നെ നന്നായി മനസ്സിലാക്കും” അവൾ പറഞ്ഞു. താൻ എന്നും ആഗ്രഹിച്ചിരുന്നത് ഇങ്ങനെ ഒരു ഭർത്താവിനെയാണെന്നും അവൾ കൂട്ടിച്ചേർത്തു.
മാർസെലോ ഒരു വിശ്വസ്തനായ ഭർത്താവാണെന്നും, എല്ലാ സ്ത്രീകളും കൊതിക്കുന്ന ഒരു ഭർത്താവാണ് എന്നും ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, മാസാവസാനം ബില്ലുകൾ വരുമ്പോൾ താൻ കഷ്ടപ്പെടാറുണ്ടെന്ന കാര്യം അവൾ തുറന്ന് സമ്മതിക്കുന്നു. കാരണം അവളാണ് കുടുംബത്തിലെ ഏക വരുമാന മാർഗ്ഗം. അവൾ ജോലിയ്ക്ക് പോയില്ലെങ്കിൽ കുടുബത്തിലെ ചിലവുകൾ നടക്കില്ല.
“അവന് വളരെയധികം ഗുണങ്ങളുണ്ട്. പക്ഷേ ഒരേയൊരു പോരായ്മ അവൻ മടിയനാണ്. ഒരിടത്ത് വച്ചാൽ അവിടെ ഇരുന്നോളും” അവൾ പറഞ്ഞു. റിയോ ഡി ജനീറോ ബീച്ച് ഹൗസിൽ വച്ചായിരുന്നു വിവാഹശേഷം അവരുടെ ഹണിമൂൺ. അതും ഒരാഴ്ചകാലം അവർ അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ അവർ ഒരുമിച്ച് ഒരു കുട്ടിയെ സ്വാഗതം ചെയ്തിരിക്കയാണ്.
എന്നാൽ ജീവനുള്ള കുട്ടിയല്ല കേട്ടോ, അതും ഒരു പാവക്കുട്ടിയാണ്. മേയ് 21 -നായിരുന്നു പാവക്കുട്ടി മാർസെലീഹോ അവരുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. ഒരു നഴ്‌സിനും ഡോക്‌ടറിനും ഒപ്പം താൻ പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രവും അവളുടെ പക്കലുണ്ട്.