തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി സഹോദരന്‍ പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം.
സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന്‍ ആരോപിച്ചു. മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരിയെന്നും മൊബൈല്‍ ഫോണില്‍ ഒരാള്‍ മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സഹോദരന്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരന്‍ ആരോപിച്ചു. അപകടത്തില്‍ സഹോദരിക്ക് സാരമായി പരിക്കേറ്റു എന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)