News

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുളിക കഴിച്ച യുവതി മരിച്ചു! മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: പ്രതിരോധശേഷി കൂട്ടാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന സംശയിക്കുന്നയാളാണ് ഇവര്‍ക്ക് ഗുളിക നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം രാവിലെയാണ് ആരോഗ്യവകുപ്പ് പ്രതിനിധി എന്ന് പറഞ്ഞെത്തിയ ആള്‍ കര്‍ഷകനായ കറുപ്പണ്ണയുടെ വീട് സന്ദര്‍ശിച്ചത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് ഇയാള്‍ ചോദിച്ചിരുന്നു. ഇല്ലായെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. ഇതിന് പിന്നാലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാള്‍ കുറച്ച് ഗുളികകള്‍ നല്‍കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുളിക കഴിച്ച കറുപ്പണ്ണനും ഭാര്യയും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലാവുകയായിരുന്നു.

അയല്‍വാസികളാണ് ഇവരെ ഈ അവസ്ഥയില്‍ കണ്ടെത്തുന്നത്. കറുപ്പണ്ണന്റെ ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നു. അവശനിലയിലായ മറ്റുള്ളവരെ അയല്‍വാസികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി ആരോഗ്യവകുപ്പ് താത്കാലിക പ്രതിനിധികളെ നിയമിച്ചിട്ടുണ്ട് എന്നാണ് സംഭവത്തില്‍ എസ്പി ശശി മോഹന്‍ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആരെങ്കിലും ആകാം കറുപ്പണ്ണന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തിന് ഗുളിക നല്‍കിയതെന്നാണ് ഇവര്‍ സംശയിക്കുന്നത്. എങ്കിലും സംഭവത്തില്‍ മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കറുപ്പണ്ണന് ബന്ധുക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഇവര്‍ക്ക് ഗുളിക നല്‍കിയെന്ന് സംശയിക്കുന്ന ആരോഗ്യപ്രവര്‍ത്തകനെ കണ്ടെത്താന്‍ നാല് സ്പെഷ്യല്‍ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker