ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവ് താരാ യാദവിനെ ക്രൂരമായി മര്‍ദിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്തതിനാണ് താരയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നല്‍കിയതിനെ താരാ യാദവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ താരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
മര്‍ദിച്ചവര്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരാ യാദവ് പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.