BusinessKeralaNews

കുറഞ്ഞ നിരക്കില്‍ വിമാനം കയറുമോ,ഇന്‍ഡിഗോയെ കടത്തിവെട്ടുമോ ആകാശ

മുംബൈ: ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബോയിംഗ് 737 മാക്‌സ് വിമാനം ഉപയോഗിച്ച് അടുത്ത ആഴ്ച ആകാശ പറന്നു തുടങ്ങും.

ഈ മാസം 7 ന് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ആകാശയുടെ കന്നിയാത്ര. ജൂലൈ 22 നാണു ആകാശ ബുക്കിങ് ആരംഭിച്ചിരുന്നത്. ഇന്‍ഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങള്‍ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തില്‍ ആകാശ ഈടാക്കുന്നത്. എന്നാല്‍ കന്നിയാത്ര കഴിഞ്ഞാല്‍ ആകാശ നിരക്കുകള്‍ കുറച്ചേക്കും. ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്‌ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ്, ഇന്‍ഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാള്‍ 10 ശതമാനം നിരക്ക് കുറവാണു ആകാശ വാഗ്ദാനം ചെയ്യുന്നത്. അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈന്‍സ് എന്നാണ് ഉടമകള്‍ ‘അകാസാ’ എയറിനെ വിശേഷിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ വിപണിയില്‍ 56 ശതമാനം ആധിപത്യം പുലര്‍ത്തുന്നുണ്ട്. പോക്കെറ്റ് കാലിയാകാതെ വിമാനയാത്ര നടത്താം എന്നുള്ളതാണ് ഇന്‍ഡിഗോയെ ജനപ്രിയമാക്കിയത്. ഇതിനെ തകര്‍ക്കാനാണ് ആകാശയുടെ പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്നതോടെ ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിയവയെക്കാള്‍ ആകാശ ജനപ്രിയമായേക്കും.

ഓഗസ്റ്റ് 12-ന് ആകാശ, കൊച്ചി-ബെംഗളൂരു സര്‍വീസുകള്‍ ആരംഭിക്കും. ഓഗസ്റ്റ് 19 ന് മുംബൈ – ബെംഗളൂരു സര്‍വീസുകള്‍ ആരംഭിക്കും. ഓരോ റൂട്ടുകളിലും ഏറ്റവും ചെലവ് കുറഞ്ഞ എയര്‍ലൈന്‍ ആകുക എന്നുള്ളതാണ് ആകാശ ലക്ഷ്യം വെക്കുന്നത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഗ്യാസോലിന്‍ (എടിഎഫ്) വില രണ്ട്ശതമാനത്തോളം കുറഞ്ഞു. ഇത് മറ്റ് എയര്‍ലൈനുകള്‍ നിരക്ക് കുറയ്ക്കാന്‍ കാരണമായേക്കും.

ഡിജിസിഎയില്‍ നിന്ന് വിമാന സര്‍വീസ് നടത്താനുള്ള ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്. 2021 ഓഗസ്റ്റ് മാസത്തില്‍ തന്നെ ഡിജിസിഎ ആകാശ എയറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയിങില്‍ നിന്ന് 72 മാക്‌സ് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ 2021 നവംബര്‍ 26 ന് ആകാശ എയര്‍ കരാര്‍ ഒപ്പുവെച്ചത്.

ആദ്യ സര്‍വീസ് പ്രഖ്യാപിച്ചതിന് പിറകെ ജീവനക്കാര്‍ക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം ആണ് എയര്‍ലൈന്‍ നല്‍കിയിരുന്നു. ട്രൗസറുകള്‍, ജാക്കറ്റുകള്‍, ഭാരം കുറഞ്ഞ ഷൂസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിള്‍ ചെയ്ത റബ്ബര്‍ ഉപയോഗിച്ചാണ് ഷൂ സോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങളാണ് യൂണിഫോമിനായി ഉപയോഗിച്ചത്.ഇന്ത്യയിലെ ഒന്നാമനാകുക എന്ന ലക്ഷ്യത്തോടെ ആകാശ എത്തുമ്പോള്‍ ഏറ്റവും ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എന്ന പദവി ഇന്‍ഡിഗോ ഉപേക്ഷിക്കേണ്ടി വരുമോ എന്ന കണ്ടുതന്നെ അറിയണം.

ആകാശ പ്രവര്‍ത്തനം ആരംഭിയ്ക്കാനിരിയ്‌ക്കെ ആഭ്യന്തര സര്‍വ്വീസില്‍ ഏറിയപങ്കും കയ്യാളുന്ന ഇന്‍ഡിഗോ നവംബറോടെ പൈലറ്റുമാരുടെ ശമ്പളം പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു.ഇന്‍ഡിഗോ സെപ്തംബര്‍ മുതല്‍ പൈലറ്റുമാരുടെ ശമ്പളം 6 ശതമാനം പുനഃസ്ഥാപിക്കുമെന്നും ബാക്കി 6 ശതമാനം നവംബറില്‍ നല്‍കുമെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ ആദ്യവാരം പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചിരുന്നു. കൂടാതെ പൈലറ്റുമാര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാര്‍ക്കുള്ള ഒരു വര്‍ക്ക് പാറ്റേണ്‍ സംവിധാനം ഒരുക്കുകയും ചെയ്തു. എന്നാല്‍, പൈലറ്റുമാര്‍ ഇതില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ശമ്പളം പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2020-ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും ജൂലൈയില്‍ 8 ശതമാനം വര്‍ധനവുണ്ടായി മൊത്തം 16 ശതമാനം വര്‍ധനവ് വരുത്തി. തുടര്‍ന്ന് ബാക്കിയുള്ള 12 ശതമാനമാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. ജൂലൈ 31 മുതല്‍ പൈലറ്റുമാര്‍ക്കുള്ള ലേഓവര്‍, ഡെഡ്ഹെഡ് അലവന്‍സുകളും എയര്‍ലൈന്‍ പുനഃസ്ഥാപിച്ചു.

കോവിഡിന് മുമ്പുള്ള ശമ്പളം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാത്തതില്‍ പൈലറ്റുമാര്‍ അസന്തുഷ്ടരായിരുന്നു. പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമായി മാറി. ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 1,600-ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത് കോവിഡ് -19 മഹാമാരിക്ക് മുമ്പ് പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതലാണ്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കി.

കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഏകദേശം 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ വിസ്താര പൈലറ്റുമാരുടെ ശമ്പളവും ഫ്‌ലയിംഗ് അലവന്‍സും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റും അതിന്റെ ക്യാപ്റ്റന്‍മാരുടെയും ഫസ്റ്റ് ഓഫീസര്‍മാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button