ഡോക്ടറായ ഭര്‍ത്താവിനെ കെമിസ്ട്രി അധ്യാപികയായ ഭാര്യ ഉറക്കഗുളിക നല്‍കി മയക്കി ഷോക്കടിപ്പിച്ച് കൊന്നു

ഭോപ്പാല്‍: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കോളജ് പ്രഫസറായ 63കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഏപ്രില്‍ 29 ന് ഉണ്ടായ സംഭവത്തില്‍ കെമിസ്ട്രി അദ്ധ്യാപികയായ മമതാ പഥക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു സംഭവം. ഭര്‍ത്താവ് 65 കാരന്‍ ഡോ.നീരജ് പഥക്കിനെയാണ് മമത കൊലപ്പെടുത്തിയത്. ആഹാരത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. ബോധം നഷ്ടമായ ഡോ.നീരജിനെ ഷോക്കടിപ്പിച്ചു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഭര്‍ത്താവുമായി നേരത്തേ ഉണ്ടാക്കിയിരുന്ന വഴക്കിന്റെയും മറ്റും വിവരങ്ങള്‍ നീരജ പഥക്കിലേക്ക് തന്നെ സംശയം നീളുന്നതായിരുന്നു.

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. കോളജിലെ കെമിസ്ട്രി അധ്യാപികയാണ് മമത. ഝാന്‍സിയില്‍ ചികിത്സയ്ക്കായി പോയി തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ മരിച്ചുകിടക്കുന്നത് കണ്ടു എന്നാണ് മമത പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ ഏതാനും നാളായി കലഹം നില നിന്നിരുന്നു. ഇരുവരും പോലീസില്‍ പല തവണ പരാതിയും നല്‍കിയിട്ടുണ്ട്. ഇതാണ് പോലീസിന് സംശയാസ്പദമായത്.

ഭര്‍ത്താവ് ദീര്‍ഘകാലമായി അസുഖബാധിതന്‍ ആയിരുന്നെന്നും ഏപ്രില്‍ 29 ന് രാത്രിയില്‍ അദ്ദേഹം മരണപ്പെട്ടെന്നും മമത പിന്നീട് പോലീസിന് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 29ന് മരണം സംഭവിച്ച ഭര്‍ത്താവിന് വേണ്ടി മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം പരാതി നല്‍കിയത് മേയ് ഒന്നിനാണെന്നും പോലീസ് കണ്ടെത്തി.

നേരത്തെ ഭര്‍ത്താവിനെ ശുചിമുറിയില്‍ പൂട്ടിയിട്ടതിന് മമതയ്‌ക്കെതിരെ നീരജ് പഥക്ക് പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വിശദമായി ചോദ്യം ചെയ്യല്‍ നടത്തിയപ്പോള്‍ മമത കുറ്റം സമ്മതിച്ചു. ഭര്‍ത്താവിന്റെ പെരുമാറ്റത്തിലെ സംശയവും വസ്തുതര്‍ക്കവും ആയിരുന്നു കൊലപാതകത്തിന് കാരണമായതെന്ന് ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ചയായിരുന്നു മമത അറസ്റ്റിലായത്. ഇവരൃടെ ഏകമകന്‍ മാനസീക വൈകല്യം നേരിടുന്നയാളാണ്.