KeralaNews

മരണ ശേഷം ഭർത്താവിനായി ക്ഷേത്രം പണിത് യുവതി; ദിവസേന പൂജയും ജനങ്ങൾക്ക് അന്നദാനവും

ഹൈദരാബാദ്:മരണത്തിന് ശേഷം ഭർത്താവിനോടുള്ള സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ വ്യത്യസ്തമായ ഒരു മാർഗം തിരഞ്ഞെടുത്തിരിക്കുകയാണ് ആന്ധ്ര പ്രദേശ് സ്വദേശിനിയായ ഒരു വനിത. ഭർത്താവിന്റെ ഓർമയ്ക്കായി ക്ഷേത്രം പണിത ആ സ്ത്രീ ഭർത്താവിന്റെ പ്രതിമയിൽ ദിവസേന പൂജയും നടത്തുന്നു. ആന്ധ്ര പ്രദേശിലെ നിമ്മാവരം ഗ്രാമത്തിലാണ് അപൂർവമായ ഈ സംഭവം നടന്നത്.

‘ഭാര്യയ്ക്ക് ഭർത്താവ് ജീവിച്ചിരിക്കുന്ന ദൈവത്തിന് തുല്യമാണ്’ എന്നർത്ഥം വരുന്ന ഒരു ചൊല്ല് തെലുഗുവിൽ പ്രചാരത്തിലുണ്ട്. ഈ വാക്യത്തെ അക്ഷരാർത്ഥത്തിൽ അന്വർഥമാക്കിയിരിക്കുകയാണ് ഈ വനിത. മരണശേഷം അദ്ദേഹത്തെ ആരാധിക്കാൻ തീരുമാനിച്ച ഭാര്യ മാർബിൾ കൊണ്ട് നിർമിച്ച ഭർത്താവിന്റെ പ്രതിമ ഉൾക്കൊള്ളുന്ന ഒരു ക്ഷേത്രം പണിയുകയായിരുന്നു. ദിവസേന ഇവിടെ പൂജ നടത്തുന്ന പദ്മാവതി എന്ന ആ വനിതയുടെ പരിശ്രമം ഗ്രാമവാസികളുടെയെല്ലാം മനം കവർന്നു.

ഭാര്യയെയും മക്കളെയും തനിച്ചാക്കി വളരെ അപ്രതീക്ഷിതമായാണ് അങ്കി റെഡ്ഢി മരണമടഞ്ഞത്. ഭർത്താവിന്റെ മരണമെന്ന യാഥാർഥ്യം അഭിമുഖീകരിക്കാൻ കഴിയാതെ വന്ന പദ്മാവതിയ്ക്ക് ആ വിയോഗം സൃഷ്‌ടിച്ച ആഘാതം വളരെ വലുതായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിഞ്ഞുകൊണ്ട് ആശ്വാസം കണ്ടെത്താൻ അവർ ശ്രമിക്കുകയായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ഒരു കാറപകടത്തിലാണ് അങ്കി റെഡ്ഢി മരണമടഞ്ഞത്.

ഭർത്താവിനെ ആരാധിക്കുകയും ദിവസേന ആ ക്ഷേത്രത്തിൽ പൂജ നടത്തുകയും ചെയ്യുന്നതിനോടൊപ്പം പാവപ്പെട്ട ജനങ്ങൾക്കായി പദ്മാവതി വിവിധ ജനോപകാര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും പൗർണമി ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുന്ന പദ്മാവതി സാമൂഹ്യ പ്രവർത്തകർക്കും മറ്റു ജനങ്ങൾക്കും ഭർത്താവിന്റെ പേരിൽ അന്നദാനവും നടത്താറുണ്ട്. ഈ പ്രവർത്തനങ്ങളിലെല്ലാം അമ്മയ്ക്ക് പിന്തുണയുമായി അവരുടെ മകനും കൂടെയുണ്ടാകാറുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം തെലങ്കാനയിലെ നവൽഗ ഗ്രാമത്തിൽ നടന്നിരുന്നു. ആ ഗ്രാമത്തിൽ ജീവിച്ചിരുന്ന മൊഗുലപ്പ എന്ന വ്യക്തിയ്ക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹം തന്റെ ഇളയ സഹോദരന്റെ പേരക്കുട്ടിയായ ഈശ്വറിനെ എടുത്തു വളർത്തി. അച്ഛനെപ്പോലെ തന്നെയായിരുന്നെങ്കിലും ഈശ്വർ അദ്ദേഹത്തെ മുത്തച്ഛാ എന്നാണ് വിളിച്ചിരുന്നത്. 2013-ൽ മൊഗുലപ്പ മരണമടഞ്ഞു. ആ വിയോഗം ഈശ്വറിനെ വല്ലാതെ ബാധിച്ചു. അതോടെ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ജീവൻ നൽകാൻ കഴിയുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യാൻ ഈശ്വർ ആഗ്രഹിച്ചു. ഒടുവിൽ ഈശ്വർ മൊഗുലപ്പയുടെ പ്രതിമയോടുകൂടിയ ചെറിയൊരു ക്ഷേത്രം പണിത് അദ്ദേഹത്തെ ആരാധിക്കാൻ തീരുമാനിക്കുകയായിരുന്നു. 24 ലക്ഷം രൂപ മുടക്കിയാണ് ഈശ്വർ ആ ക്ഷേത്രം പണിതത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും മനുഷ്യബന്ധങ്ങൾക്കിടയിലെ തീക്ഷ്ണമായ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടയാളങ്ങൾ കൂടിയാണ് ഈ സ്മാരകങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker