കൊല്‍ക്കത്ത: രാമനവമി ഘോഷയാത്രയെത്തുടര്‍ന്ന് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൂഗ്ലിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് വ്യാപകമായ അക്രമം അരങ്ങേറിയത്. കല്ലേറിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ റോഡിൽ തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷ് പങ്കെടുത്ത ഘോഷയാത്രയ്ക്ക് നേരെയായിരുന്നു അക്രമം.
ഘോഷയാത്രയ്ക്കുനേരെ വ്യാപകമായ കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കല്ലേറിഞ്ഞുവെന്നും ബിജെപി ആരോപിക്കുന്നു. സ്ഥലത്തുണ്ടായിരിക്കുന്ന സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ സേനയെ ഹൂഗ്ലി മേഖലയില്‍ വിന്യസിച്ചതായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
ബംഗാളിന് പുറമെ ബിഹാറിലും രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശനിയാഴ്ച വൈകീട്ടുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നളന്ദ, റോഹ്താസ് ജില്ലകളിലുണ്ടായ സംഘര്‍ഷത്തിലായി പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപോലീസുകാരും ഉള്‍പ്പെടുന്നു.
സാസാറാമില്‍ അനധികൃത സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് ആറുപേര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും നേരെ തീവെപ്പുണ്ടായി.