NationalNews

മോദിയെ വീഴ്ത്താൻ ‘ഇന്ത്യ’യെന്ന പേര് നിര്‍ദേശിച്ചതാര്? ആരും എതിർക്കാതെ നിമിഷങ്ങൾക്കകം അംഗീകാരം

ബെംഗളൂരു: ബിജെപിക്കെതിരെ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയെന്ന് എൻസിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. രാഹുലിൻ്റെ സർഗാത്മക വളരെയധികം പ്രശംസിക്കപ്പെട്ടു. മാസങ്ങൾക്ക് ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ‘ഇന്ത്യ’ എന്ന പേരിൽ മത്സരിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

26 പ്രതിപക്ഷ പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷ മുന്നണിക്കാണ് ഇന്ത്യ എന്ന പേര് നൽകിയത്. ഇന്ന് ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിലാണ് പേര് അംഗീകരിച്ചത്. ആദ്യ യോഗം ജൂൺ 23ന് പട്നയിൽ നടന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിപക്ഷ മുന്നണികളിലൊന്നാണ് ഇന്ത്യ. പുതിയ പേരിൽ ‘സഖ്യം’ എന്ന വാക്ക് ഉണ്ടായിരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ എല്ലാ പാർട്ടികളും ഇന്ത്യ എന്ന പേര് അംഗീകരിക്കുകയായിരുന്നു.

ജനാധിപത്യം, ഭരണഘടന, വൈവിധ്യം എന്നിവ സംരക്ഷിക്കുയാണ് പ്രതിപക്ഷ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഭൂരിഭാഗം ഭിന്നതകളും പരിഹരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ട്വീറ്റിലൂടെ പറഞ്ഞു.

പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ പേരിടാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നുവെന്ന് നാലുമണിക്കൂർ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാർഗെ കൂട്ടിച്ചേർത്തു. ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട യോഗമായിരുന്നു ഇത്. ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾക്കായി ഞങ്ങൾ എല്ലാവരും ഒത്തുചേർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ചേർന്ന യോഗം സഖ്യത്തിന് പേര് തീരുമാനിച്ചെങ്കിലും 26 പാർട്ടികളുടെ മൂന്നാമത്തെ യോഗം ഉടൻ മുംബൈയിൽ ചേരും. ഈ യോഗത്തിൽ പ്രവർത്തന രീതികൾക്ക് അന്തിമരൂപം നൽകുമെന്ന് ഖാർഗെ പറഞ്ഞു. മുന്നണിയുടെ പ്രസിഡന്റിനെയും കൺവീനറെയും തെരഞ്ഞെടുക്കും. 11 അംഗ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും.

കമ്മിറ്റിയിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണ നടത്തിപ്പിനും സംയുക്ത റാലികൾക്കും പ്രവർത്തനങ്ങൾക്കുമായി ഒരു കമ്മിറ്റിയുണ്ടാകും. കേന്ദ്ര സെക്രട്ടേറിയറ്റ് ഡൽഹി കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുകയെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker