പ്രമുഖ നടനുമായി ആദ്യ വിവാഹം , കഥാപാത്രത്തിനായി എന്തും ചെയ്യുന്ന നായിക; ആരാണ് ഷുഹൈബിന്റെ മനസ് കീഴക്കിയ പാക് സുന്ദരി
ഇസ്ലാമാബാദ്:പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച. ഇന്ത്യൻ മുൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ മോചന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഷുഹൈബിന്റെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്.
30കാരിയായ പാക് നടി സന ജാവേദിനെയാണ് ഷുഹൈബ് വിവാഹം ചെയ്തത്. ഇതോടെ ആരാണ് സന ജാവേദ് എന്ന ചർച്ചകളാണ് ഉയരുന്നത്. ഷുഹൈബിന്റെയും സാനിയയുടെയും ആരാധകരടക്കം സനയെ കുറിച്ച് ഗൂഗിളിൽ തിരയുകയാണ്. സനയെ കുറിച്ച് അറിയാം.
വിവാഹ വേഷത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഷുഹൈബിന്റെയും സനയുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത ലോകം അറിഞ്ഞത്. പരമ്പരാഗത വസ്ത്രത്തിൽ സന വിവാഹവേദിയിൽ എത്തിയപ്പോൾ തിളങ്ങുന്ന ഷെർവാണി ധരിച്ചാണ് ഷുഹൈബ് എത്തിയത്. ‘അൽഹംദുലില്ലാ, നിങ്ങളെ നാം ജോഡികളാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇരുവരും പങ്കുവച്ചത്.
പാകിസ്ഥാൻ നടിയായ സന ജാവേദ് കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഉറുദു ടെലിവിഷൻ ചാനലുകളിലാണ്. 2012ൽ പുറത്തിറങ്ങിയ ഷെഹർ-ഇ-സാത്ത് എന്ന സീരിയിലിലൂടെയാണ് സന മിനിസ്‌ക്രീനിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഖാനി എന്ന റൊമാന്റിക് സീരിയലിൽ ടൈറ്റിൽ റോൾ അവതരിപ്പിച്ചതിന് ശേഷമാണ് സനയുടെ രാശി തെളിഞ്ഞത്. ആ സീരിയലിലെ അഭിനയത്തിന് ലക്സ് സ്റ്റൈൽ അവാർഡിൽ നോമിനേഷൻ ലഭിച്ചു.
സെറാജ് ഉൾ ഹഖ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയായ സുഖൂനിലാണ് സന അവസാനമായി അഭിനയിച്ചത്. സനയെ കൂടാതെ, അഹ്സൻ ഖാൻ, ഖഖാൻ ഷാനവാസ്, സിദ്ര നിയാസി, ഉസ്മാൻ പീർസാദ, ലൈല വസ്തി, ഖുദ്സിയ അലി, അദ്നാൻ സമദ് ഖാൻ, അഹ്സുൻ താലിഷ്, അസ്മ അബ്ബാസ് എന്നിവരും ഈ സീരിയലിൽ അഭിനയിച്ചിരുന്നു. പ്രണയത്തെ കുറിച്ചും കാത്തിരിപ്പിനെ കുറിച്ചുമുള്ള ഈ പരമ്പരയ്ക്ക് പാകിസ്ഥാനിൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
ഷുഹൈബ് മാലിക്കുമായി സനയുടെ രണ്ടാം വിവാഹമാണ്. 2020ൽ ആയിരുന്നു പ്രമുഖ നടനും ഗായകനും ഗാനരചയിതാവുമായ ഉമൈർ ജസ്വാളുമായി സനയുടെ വിവാഹം നടക്കുന്നത്. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞു. രണ്ട് പേരും സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹ ചിത്രങ്ങൾ അടക്കം നീക്കം ചെയ്തിരുന്നു.
കഥാപാത്രത്തിനായി എന്ത് കഠിനാധ്വാനം ചെയ്യുന്ന താരമാണ് സന. കഴിഞ്ഞ വർഷം നിദ യാസിറിന്റെ ഗുഡ് മോർണിംഗ് പാക്കിസ്ഥാനിൽ സനയും നടൻ അഹ്സൻ ഖാനും പങ്കെടുത്തിരുന്നു. അന്ന് പരിപാടിക്കിടെ സുഖൂനിലെ കഥാപാത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സന തുറന്നുപറഞ്ഞിരുന്നു. അന്ന് ഡയറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ‘സന ഒന്നും കഴിക്കാറില്ലെന്നാണ്’ അഹ്സൻ ഖാൻ മറുപടി നൽകിയത്. എന്നാൽ ആ സമയത്ത് ഞാൻ ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിച്ചിരുന്നുവെന്ന് സന പറഞ്ഞു.