കൊച്ചി:മലബാറിൽ നിന്നും മലയാള സിനിമയിലേക്ക് ഗായികയായിട്ടാണ് സയനോരയുടെ കടന്നുവരവ്. വേറിട്ട ശബ്ദവും ആലാപന ശൈലിയും വളരെ വേഗത്തിൽ ആസ്വാദകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിന് സയനോരയെ സഹായിച്ചു.
വെസ്റ്റേൺ പശ്ചാത്തലം എന്നും ഗായികയുടെ ശബ്ദത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വതസിദ്ധമായ ശൈലി ഈ ഗായിക നേടിയെടുത്തു. എ.ആർ റഹ്മാനൊപ്പം പാടിയ സയനോര ഇന്ന് മലയാള സിനിമയിൽ ഒരു ആൾ റൗണ്ടറാണ്.
ഗായികയായി മേൽവിലാസം സൃഷ്ടിച്ച ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് സയനോര കടന്നത്. പിന്നീട് ഡബ്ബിങ് മേഖലയിലും മികവ് തെളിയിച്ചു. ഇപ്പോൾ അഭിനേത്രിയായി മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്കും സയനോര അരങ്ങേറിയിരിക്കുകയാണ്.
പാട്ടും ശബ്ദവും അഭിനയവും തുടങ്ങി സകലകലാവല്ലഭയായി സയനോര മാറി തുടങ്ങിയിരിക്കുന്നു. വണ്ടർ വുമണിലൂടെയാണ് സയനോര അഭിനയത്തിലേക്ക് കടന്നിരിക്കുന്നത്.
അഞ്ജലി മേനോനാണ് വണ്ടർ വുമൺ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ നവംബർ 18ന് സോണി ലിവിൽ സ്ട്രീം ചെയ്ത് തുടങ്ങും. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, അമൃത സുഭാഷ്, അര്‍ച്ചന പത്മിനി എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാഗമായി സയനോര നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ‘ഈ ഒരു കാലഘട്ടത്തിൽ നമ്മൾ ചെയ്യുന്ന പലതും ആളുകൾ ചിലപ്പോൾ കണ്ടില്ലെന്ന് നടിക്കും.’
‘പ്രശംസിക്കാൻ മറക്കും. ആ സമയത്ത് നമ്മൾ നമ്മളെ തന്നെ ചിയർ ചെയ്ത് നിർത്തണം. ഞാൻ അത് എപ്പോഴും ചെയ്യാറുള്ള കാര്യമാണ്. കണ്ണാടിയുടെ മുമ്പിൽ പോയി നിന്ന് സയാ… നീ പൊളിയാടി എന്നൊക്കെ പറയും.’
‘ഞാൻ ആദ്യമായി ഗർഭിണിയായപ്പോഴുള്ള സംഭവങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ ഒരു ഷോയ്ക്ക് വന്നതായിരുന്നു. ചെന്നൈയിൽ നിന്ന് ഫ്ലൈറ്റിൽ വരുന്നതിനിടെ രണ്ട് തവണ ഛർദ്ദിച്ചു. അപ്പോൾ ഞാൻ കരുതിയത് ഭക്ഷണം കഴിച്ചതിൽ വന്ന പ്രശ്നമാണെന്നാണ്.’
‘അന്ന് വൈകുന്നേരം ഷോയുണ്ടായിരുന്നു. വണ്ടിയിൽ വരും വഴിയും മൂന്ന് പ്രാവശ്യം ഛർദ്ദിച്ചു. അതുകണ്ട് സംഘാടകരാണ് ആശുപത്രിയിൽ കാണിക്കാനും ഗ്ലൂക്കോസിടാനും പറഞ്ഞത്. അതിനായി ഞാൻ പോയി.’
‘അങ്ങനെ അഡ്മിറ്റാക്കി. അവർ തുടർന്ന് എന്നെ ടെസ്റ്റ് ചെയ്തു. ശേഷം ഒരു ലേഡി ഡോക്ടർ വന്നു. ആ ഡോക്ടർ എന്നോട് ചോദിച്ചു സയനോരയ്ക്ക് ബോയ്ഫ്രണ്ടുണ്ടോയെന്ന്. ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞപ്പോഴേക്കും ഡോക്ടർ ടെൻഷനായി.’
‘കാരണം ആ ഡോക്ടർക്ക് അറിയില്ലായിരുന്നു ഞാൻ കല്യാണം കഴിച്ചതാണെന്ന്. ടെൻഷൻ കണ്ടപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞു ഞാൻ വിവാഹം കഴിച്ചതാണെന്ന്. ശേഷം അവർ ഗർഭിണിയാണോയെന്നത് ഉറപ്പിക്കാൻ രക്തം എടുത്തു. അതിന്റെ റിസൾട്ടിന് കാത്തുനിൽക്കാതെ ഞാൻ പരിപാടിക്ക് പോയി.’
‘ഷോയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ വിളിച്ച് ആശംസ അറിയിച്ചിട്ട് ഗർഭിണിയാണെന്ന് പറഞ്ഞത്. അതുകേട്ടതും അമ്മേ… എന്നൊരു വിളിയായിരുന്നു ഞാൻ. കരയണോ ചിരിക്കണോയെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു അന്ന് ഞാൻ.’
‘രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടെന്ന് മോളോട് പറഞ്ഞപ്പോൾ പറ്റില്ല അവൾക്ക് അത് താൽപര്യമില്ലെന്നാണ് അവൾ പറഞ്ഞത്. എനിക്ക് ഒരു അനിയനുണ്ട്. ഞങ്ങൾ തമ്മിൽ ഒന്നര വയസ് വ്യത്യാസമേയുള്ളു.’
‘അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് വളർന്നു. ശേഷം എനിക്ക് എട്ട് വയസായപ്പോൾ ഒരു കുട്ടി കൂടി വരാൻ പോകുന്നുവെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ ഇനി ഒരാളെ കൂടി സഹിക്കാൻ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. ഏറ്റവും നന്നായി വണ്ടർ വുമണിൽ ഗർഭിണിയായി അഭിനയിച്ചത് ഞാനാണ്’ സയനോര പറഞ്ഞു.