കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ മഞ്ജു ചോദിച്ചത് ആ ഒരു ചോദ്യം മാത്രം:രാജീവ്കുമാര്‍
കൊച്ചി:മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംവിധായകന്‍ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടെ കഥ മഞ്ജുവിനോട് പറയാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് രാജീവ് കുമാര്‍ പറയുന്നത്. മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കണ്ണെഴുതി പൊട്ടും തൊട്ട്’. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.
കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയില്‍ ന ഗ്‌നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്.
അതെന്നെ അത്ഭുതപ്പെടുത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി’ എന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ പറയുന്നത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ വകവരുത്താന്‍ ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയായാണ് മഞ്ജു എത്തിയത്. ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകര്‍ന്നാടേണ്ടുന്ന ആ വേഷം മഞ്ജു തന്മയത്വത്തോടെ അവതരിപ്പിച്ചു.
നടേശനെന്ന കഥാപാത്രം അവതരിപ്പിച്ചത് അഭിനയകലയുടെ പെരുന്തച്ചന്‍ തിലകനാണ്. തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ സെറ്റില്‍ പോകുമായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താന്‍ കഴിയൂ’ എന്നായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം മഞ്ജുവിന് ലഭിച്ചു.