
തിരുവനന്തപുരം: ‘നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടു’മെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ‘എമ്പുരാന്‍’ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സ്വരാജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എമ്പുരാന്‍ സിനിമയ്ക്ക് നേരെ വിമര്‍ശനവുമായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എത്തിയിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ ഗുജറാത്ത് കലാപരംഗങ്ങള്‍ ഉള്‍പ്പെടെ 17 രംഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായിരുന്നു.
എമ്പുരാന്‍ വിവാദമായതോടെ നടന്‍ മോഹന്‍ലാലും ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയരംഗത്തെ പ്രമുഖരും ചിത്രത്തെ കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തി. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നിൽ കലാകാരന്മാര്‍ക്ക് മുട്ട് മടക്കേണ്ടിവന്ന സാഹചര്യം നമ്മുടെ നാടിന് ഭൂഷണമല്ലെന്ന് സിപിഎം സംസ്ഥാനസമിതി അംഗം കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു. സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ഗുജറാത്ത് കലാപത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.