മുംബൈ:വാട്‌സ് ആപ്പ് ഉപയോഗിയ്ക്കാന്‍ മുന്നോട്ടുവെച്ച പുതിയ നിബന്ധനകള്‍ വിവാദമായതോടെ അപ്‌ഡേഷനില്‍ നിന്നും തലയൂരാനൊരുങ്ങി മാതൃസ്ഥാപനമായ ഫേസ്ബുക്ക്.ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ നിബന്ധനകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വാട്‌സാപ് ഉപയോക്താക്കള്‍ പറ്റംപറ്റമായി കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ കമ്പനി അടവു മാറ്റിയിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ നിബന്ധനകള്‍ പ്രകാരം ഫെയ്സ്ബുക്കിന് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരമാണ് ഒരുക്കുന്നത് എന്നായിരുന്നു ആരോപണം. ഡേറ്റ ഉപയോഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയുള്ള കമ്പനികളിലൊന്നായി പലരും വിശേഷിപ്പിക്കുന്ന ഫെയ്സ്ബുക് തങ്ങളെ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നത് സഹിക്കാനാവില്ല എന്നായിരുന്നു വാട്സാപ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരില്‍ പലരും പറഞ്ഞത്. എന്നാല്‍, പുതിയ നയങ്ങള്‍ തങ്ങളുടെ ബിസിനസ് ഉപയോക്താക്കള്‍ക്കു മാത്രമുള്ളതാണ് എന്നൊരു പുതിയ വാദമാണ് ഇപ്പോള്‍ കമ്പനി ഉയര്‍ത്തുന്നത്.
നിലവില്‍ വാട്സാപ്പിന്റെ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തുന്നില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. വാട്സാപ് വഴി നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നത് എളുപ്പമാക്കാനാണ് പുതിയ നടപടിക്രമങ്ങള്‍ എന്നാണ് കമ്പനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മിക്ക ആളുകളും വാട്സാപ് ഉപയോഗിക്കുന്നത് കുടുംബാംഗങ്ങളും കൂട്ടുകാരുമായി ചാറ്റു ചെയ്യാനാണ്. എന്നാല്‍ വാട്സാപ് ബിസിനസ് രംഗത്തേക്കും കടക്കുകയാണ്. ഇതിനാല്‍ തങ്ങളുടെ സുതാര്യത കൂടുതല്‍ വര്‍ധിപ്പിക്കാനാണ് പുതിയ നയങ്ങളത്രെ. എന്നാല്‍, വാട്സാപിലൂടെ ബിസിനസ് സന്ദേശങ്ങള്‍ കൈമാറണോ എന്നത് ഉപയോക്താവിന്റെ മാത്രം തീരുമാനമായിരിക്കുമെന്നും കമ്പനി പറയുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം സ്വകാര്യ ചാറ്റിന്റെയും മറ്റും ഡേറ്റ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നു പറയുന്നു. ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം, ഇന്ത്യയിലാണ് വാട്സാപ് പേയും അതോടൊപ്പം ജീയോ മാര്‍ട്ടുമായുള്ള ബന്ധിപ്പിക്കലും എല്ലാം നടക്കുന്നത്. സ്വാഭാവികമായും എല്ലാ ഉപയോക്താക്കളും ബിസിനസ് ഉപയോക്താക്കളായി മാറില്ലേ എന്ന സംശയവും ഉയരുന്നു. വാട്സാപ്പിന്റെ പുതിയ നയങ്ങള്‍ വന്നതോടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ ട്വീറ്റ് ‘പകരം സിഗ്‌നല്‍ ഉപയോഗിക്കൂ’ എന്നായിരുന്നു. ഇതേ തുടര്‍ന്ന് സിഗ്‌നലിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. ഏകദേശം 140 കോടി ഉപയോക്താക്കളാണ് വാട്സാപിന് ആഗോള തലത്തിലുള്ളത്. ഇന്ത്യയിലാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് – ഏകദേശം 40 കോടി. അമേരിക്കയില്‍ ആപ്പിളിന്റെ ഐമെസേജിനോട് ഏറ്റുമുട്ടി ജയിക്കാന്‍ വാട്സാപിനു കഴിഞ്ഞിട്ടില്ല.
എന്തായാലും വാട്സാപ്പിന്റെ സര്‍വറുകളില്‍ ഫെയ്‌സ്ബുക്കിന്റെ സാന്നിധ്യം തുടങ്ങുകയാണെങ്കില്‍ തുടരുന്നതു ബുദ്ധിയാണോ എന്നാണ് പല ഉപയോക്താക്കളും ചോദിക്കുന്ന ചോദ്യം. പലരും വാട്സാപിനു പകരം ടെലഗ്രാമും, സിഗ്‌നലും പരീക്ഷിക്കുകയാണ്. തൃപ്തികരമാണെങ്കില്‍ അവയില്‍ തുടരാനും, ഘട്ടംഘട്ടമായി വാട്സാപില്‍ നിന്ന് ഒഴിവാകാനുമാണ് ഉദ്ദേശമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.