മുംബൈ: വാട്സ്ആപ്പിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍കൊരുങ്ങി കമ്പനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ മെസേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ് നല്‍കിയിരിക്കുന്നത്. ഇതില്‍ വൈകാതെ മാറ്റം കൊണ്ടുവരാന്‍ വാട്സാപ് ഒരുങ്ങുകയാണെന്ന് വാബീറ്റ ഇന്‍ഫോ അവരുടെ റിപോര്‍ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് വാട്സ്ആപ്പില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആ ഘട്ടത്തില്‍ തന്നെ കമ്പനി സമീപ ഭാവിയില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. പുറത്തു വന്ന റിപോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറിന്റെ നിര്‍മാണം കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്. ഐഫോണില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങളാണ് നിലവില്‍ അവരുടെ സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലും അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
24 മണിക്കൂറില്‍ മെസേജുകള്‍ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചര്‍ നിലവിലെ ഏഴ് ദിവസത്തെ ഫീച്ചര്‍ പോലെ തന്നെയാകും പ്രവര്‍ത്തിക്കുക. ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണ്‍ ആക്കിയിട്ടുള്ള ഒരു ചാറ്റ് ബോക്സിലെ ഫോട്ടോസും വിഡിയോയും അടങ്ങിയ മുഴുവന്‍ ചാറ്റുകളും ഏഴ് ദിവസത്തിന് ശേഷം പൂര്‍ണമായും ഡിലീറ്റ് ആകുന്നത് പോലെ തന്നെ 24 മണിക്കൂറിന്റെ ഫീച്ചറിലും പ്രവര്‍ത്തിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക.
അതേസമയം എന്ന് മുതലാണ് പുതിയ ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചര്‍ ലഭ്യമാകുക എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. സ്നാപ് ചാറ്റ്, സിഗ്നല്‍, ടെലഗ്രാം എന്നീ മെസേജിങ് ആപുകളില്‍ നിലവില്‍ 24 മണിക്കൂറില്‍ മെസേജുകള്‍ തനിയെ ഇല്ലാതാകുന്ന ഈ ഫീച്ചര്‍ ലഭ്യമാണ്.