EntertainmentKeralaNews

‘മുന്നിലുള്ളത് വിശ്രമവും ഫിസിയോതെറാപ്പിയും, വേദനയിൽ നിന്ന് പോരാടും’; പൃഥ്വിരാജ്

കൊച്ചി:ഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞത്. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ പൃഥ്വിരാജിന് പരിക്കേൽക്കുക ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തനിക്ക് വേണ്ടി ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 

ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. 

“ഹലോ! അതെ.. ‘വിലയത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, ഞാൻ കീ ഹോൾ സർജറിയ്ക്ക് വിധേയനായത് വിദഗ്ധരുടെ കൈകളിലാണ്. നിലവിൽ ഞാൻ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ പരമാവധി ശ്രമിക്കും. പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം എന്റെ പ്രവർത്തനങ്ങളിലേക്ക് തിരികെ വരാനും വേദനയിൽ നിന്ന് പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്നെ കാണാൻ എത്തുകയും ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. നന്ദി !”, എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന മറയൂരില്‍ വച്ചാണ് പൃഥ്വിരാജിന് അപകടം പറ്റിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുക ആയിരുന്നു. ജയന്‍ നമ്പ്യാര്‍  സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. 

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button