നീറ്റ് പരീക്ഷയ്ക്ക് വെറും ആറ് മാര്‍ക്ക്, നിരാശയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ഒ.എം.ആര്‍ ഷീറ്റ് പരിശോധിച്ചപ്പോള്‍ ഉന്നത വിജയം
ചിന്ദ്വാര: റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിലെ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായില്‍ മാര്‍ക്ക് കുറഞ്ഞ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.
മധ്യപ്രദേശിലെ വിധി സൂര്യവംശി എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡോക്ടറാകണമെന്ന അദമ്യമായ ആഗ്രഹവുമായിട്ടായിരുന്നു വിദി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. എന്നാല്‍ നീറ്റ് പരീക്ഷാ ഫലം വന്നപ്പോള്‍, പട്ടിക പരിശോധിച്ച വിധി ഞെട്ടിപ്പോയി. തനിക്ക് ലഭിച്ചത് വെറും ആറുമാര്‍ക്ക് മാത്രം.
പട്ടികയില്‍ ഏറെ പിന്നിലാണെന്ന ഷോക്കില്‍ നിന്നും വിദ്യാര്‍ത്ഥിനിയ്ക്ക് മുക്തയാകാന്‍ കഴിഞ്ഞില്ല. നിരാശയിലാണ്ട വിദി വീട്ടിലെ കിടപ്പറയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചു. ഇതിനിടെ പരീക്ഷഫലത്തില്‍ വിശ്വാസം വരാതിരുന്ന വീട്ടുകാര്‍ ഒഎംആര്‍ മാര്‍ക്ക് ഷീറ്റ് പരിശോധിച്ചപ്പോള്‍, വിധിക്ക് 590 മാര്‍ക്ക് ലഭിച്ചതായി വ്യക്തമായി.
പരീക്ഷയിലെ ഏറ്റവും ഉന്നതമായ വിജയമാണ് വിദിക്ക് ലഭിച്ചത്. പക്ഷെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ആ പിഴവിന്, വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം മാത്രമല്ല, ജീവിതം തന്നെ നഷ്ടമായി.