തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുമെന്ന സൂചന നല്‍കി നടന്‍ സുരേഷ് ഗോപി. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയംകൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തൃശൂരില്‍ ബി.ജെ.പിയുടെ ജനശക്തിറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും. ഏതു ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കും’ – സുരേഷ് ഗോപി പറഞ്ഞു. കേരളം ബി.ജെ.പി പിടിച്ചെടുക്കും. ‘ഒരു നരേന്ദ്രന്‍ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും.’ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി തൃശ്ശൂരില്‍നിന്ന് ജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. തൃശ്ശൂരില്‍ 365 ദിവസവും പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി കാണാനാകില്ല. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയത്തിന്റെ ഭാഗമല്ല.
അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ശ്രമം കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസിലാകും. ചാരിറ്റിയെ രാഷ്ട്രീയമാക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപിയെ ഉന്നംവച്ച് എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് തൃശ്ശൂര്‍ ഹൃദയംകൊണ്ട് ഏറ്റെടുക്കുമെന്ന് ജനശക്തി റാലിയില്‍ സുരേഷ് ഗോപി പറഞ്ഞത്.