കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കോടതിയുടെ കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡ് ചോർന്നതിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയാണ് ഒന്ന്. ഈ ഹർജിയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാട്ടി അതിജീവിത നൽകിയ ഹർജിയാണ് മറ്റൊന്ന്. ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപ് ഇന്ന് കക്ഷി ചേരാൻ അനുമതി തേടുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാനകാര്യം.
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡ് ചോർന്നതിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേ സമയം ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്.
പ്രതിഭാഗം വാദം കൂടി കേൾക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയും ക്രൈംബ്രാഞ്ചിന്റെ ഹർജിയ്ക്കൊപ്പം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളന്ന ആരോപണങ്ങളാണുള്ളത്. എന്നാൽ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും, അതിജീവിതയ്ക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്‍റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതി പലരെയു൦ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആവർത്തി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28-ന്. ഹർജിയിൽ വിചരണ കോടതിയിലെ വാദം പൂർത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ താനോ തന്‍റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്‍റെ പക്കലില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വ്യക്തമാക്കി.മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും ഈ സമയം താൻ കൊവിഡ് ബാധിതനായിരുന്നുവെന്നും അഡ്വ. ബി രാമൻപിള്ള കോടതിയിൽ വാദിച്ചു.
തുടരന്വേഷണത്തിന്‍റെ ഭാഗമായി ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.