FeaturedKeralaNews

അധ്യാപകരെ പിരിച്ചുവിട്ടു,വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കി,ഡെയറി ഫാമുകൾ പൂട്ടി, ലക്ഷദ്വീപിൽ നടക്കുന്നത്

കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരേ പ്രതിഷേധം പുകയുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകൾ പൂട്ടുക തുടങ്ങിയ നടപടികൾക്കെതിരേയാണ് പ്രതിഷേധം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ കെ. പട്ടേൽ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതൽ പട്ടേലിന്റെ തീരുമാനങ്ങൾ വിവാദമായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 200 ഹൈസ്കൂൾ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാർഥികളെ അടിച്ചമർത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാർത്താപോർട്ടൽ വിലക്കി. ഗുണ്ടാ നിയമം നടപ്പാക്കി.

ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്തു. ടൂറിസം വകുപ്പിൽനിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീൻപിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കിൽ ലേലംചെയ്ത് വിൽക്കാനാണ് ഉത്തരവ്. ദ്വീപിലേക്കുള്ള പാൽ ഉത്പന്നങ്ങളുമായി ഗുജറാത്തിൽനിന്ന് കപ്പൽ പുറപ്പെട്ടതായാണ് പറയുന്നത്.

ബേപ്പൂർ തുറമുഖംവഴിയാണ് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്. ഇത് റദ്ദാക്കാനും മംഗളൂരു തുറമുഖം വഴി ചരക്ക് കയറ്റിറക്ക് തുടരാനും ടെൻഡർ വിളിക്കാൻ ദ്വീപ് തുറമുഖാധികൃതരോട് കല്പിച്ചു. ബേപ്പൂർ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്ന കരട് നിയമമുണ്ടാക്കി.

കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഒറ്റ കോവിഡ് രോഗി പോലുമില്ലാതിരുന്ന ലക്ഷ്വദീപിൽ രണ്ടാം തരംഗത്തോടെ ആയിരത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 13 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ദ്വീപ് ഭരണകൂടത്തിൽനിന്നു കോവിഡ് പ്രതിരോധത്തിന് മതിയായ സഹായം കിട്ടാതെ വന്നപ്പോൾ കഴിഞ്ഞമാസം ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ കോവിഡ് പ്രോട്ടോകോൾ കർശനമല്ലാതായെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

ഇന്നത്തെ ലക്ഷദ്വീപ് ഭരണകൂടത്തിൽനിന്ന് ദ്വീപ് നിവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതിവരുത്താൻ കേന്ദ്രസർക്കാരുമായി അടിയന്തര ചർച്ച നടത്തും. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി കേന്ദ്രം തിരിച്ചുവിളിക്കണം. -മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് എം.പി.

ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ തുരങ്കംവെക്കാനാണ് കമ്യൂണിസ്റ്റ്, മുസ്ലിം ലീഗ് കക്ഷികൾ ശ്രമിക്കുന്നത്. പ്രഫുൽ പട്ടേലിനെ മോദി ലക്ഷദ്വീപിൽ നിയോഗിച്ചത്. എം.പി. മുഹമ്മദ് ഫൈസലിനും ചില കരാർ ലോബിക്കും അഴിമതിക്കാർക്കും അഡ്മിനിസ്ട്രേറ്ററെ ദഹിച്ചിട്ടില്ല. -എ.പി. അബ്ദുള്ളക്കുട്ടി. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ്, ലക്ഷദ്വീപ് പ്രഭാരി

ലക്ഷദ്വീപ്

ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം.
അറബിക്കടലിൽ കൊച്ചി തീരത്തിന് 220 മുതൽ 440 കിലോമീറ്റർ അകലെ
36 തുരുത്തുകൾ. വിസ്തൃതി -32 ചതുരശ്ര കിലോമീറ്റർ. ജനവാസമുള്ള ദ്വീപുകൾ -11
ഭാഷ: ജസരി, മഹൽ, മലയാളം, ഇംഗ്ളീഷ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker