‘അവള്‍ക്കൊപ്പം’ പ്രസ്‌ക്ലബ് സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ രംഗത്ത് വന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയ്ക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി. സഹപ്രവര്‍ത്തകനായ പ്രസ്‌ക്ലബ്ബ് സെക്രട്ടറിയില്‍ നിന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ്ബ് എടുക്കണം. പുരുഷ സഹപ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന കടമ്പകൾ സമാനമാണ്. രണ്ടിടത്തും “പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്കാരം ” പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തിൽ എല്ലാ സംവിധാനങ്ങളും വരുതിയിൽ നിർത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങൾ അതുകൊണ്ട് തന്നെ എവിടെയും ഒരു പോലീസ് സംസ്കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയിൽ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകൾക്ക് ഉണ്ടാക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ പ്രവർത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയിൽ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവർത്തകനിൽ നിന്നും നേരിട്ട അപമാനം പ്രതിഷേധാർഹമാണ്. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ തങ്ങളുടെ പുരുഷാധിപ സഹപ്രവർത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. നെറ്റ് വർക്ക് ഫോർ വുമൺ ഇൻ മീഡിയയുടെ പ്രസ്താവന ഞങ്ങളിവിടെ പങ്ക് വയ്ക്കുന്നു. അവരുടെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലാപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.