EntertainmentKeralaNews

'മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം'; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്ന് വനിതാ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണം എന്നും കൂടിക്കാഴ്ചയില്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ദീദി ദാമോദരന്‍, ബീനാ പോള്‍, നടിമാരായ രേവതി, റിമ കല്ലിങ്കല്‍ എന്നിവര്‍ അടക്കം അഞ്ചംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ലംഘിക്കപ്പെടാന്‍ പാടില്ല. സിനിമാ ലൊക്കേഷനുകളില്‍ വനിതകള്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം എന്നും ഡബ്ല്യുസി ആവശ്യപ്പെട്ടു.

സിനിമാ മേഖലയില്‍ നടപ്പാക്കാനായി ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി. സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശ്നപരിഹാരം എന്ന ലക്ഷ്യമാണ് ഉള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയും എന്നാണ് ആലോചിക്കുന്നത് എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം റിമാ കല്ലിങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

നേരത്തെ മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ക്യാംപെയ്‌നും ഡബ്ല്യുസിസി ആരംഭിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നുമാണ് ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആവശ്യം.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ആഗസ്റ്റ് 19 നാണ് സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഇന്ന് ഹൈക്കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം എന്ന് നിര്‍ദേശിച്ചിരുന്നു.

ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് റിപ്പോര്‍ട്ട് എത്തും. ഇത് കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവരുടെ സ്വകാര്യത ലംഘിക്കുന്നതിന് കാരണമാകും എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് മുന്‍പാകെ എത്തിയത്. അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker