കൊച്ചി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര (എൽ-3) ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഉന്നതതലസമിതിയുടെ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. ഹർജി 15-ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്രദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
എൽ-3 വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നതെങ്കിൽ ദുരിതാശ്വാസസഹായത്തിലും മറ്റും വർധന വരും. ആഗോളസഹായത്തിനും അവസരമൊരുങ്ങും. ദുരന്തത്തിൽ നഷ്ടമായ ജീവൻ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന കെട്ടിടങ്ങൾ തുടങ്ങിയവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്രഗണത്തിൽ ഉൾപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ദുരിതബാധിതരായ കുടുംബങ്ങൾക്ക് ദിവസം 300 രൂപവീതം നൽകുന്ന ഉപജീവനസഹായം 30 വരെ നീട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരവിതരണം വൈകുന്നതായി വാർത്തകളുണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിതരണം ബാങ്ക്/ട്രഷറി വഴിയാക്കുന്നതിന്റെ സാധ്യത തേടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിദുരന്തങ്ങൾ നേരിടാൻ റിസ്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് രാജ്യംമുഴുവൻ ചർച്ചനടക്കുമ്പോൾ കേന്ദ്രസർക്കാരും സ്വകാര്യ ഇൻഷുറൻസ് കമ്പനികളടക്കമുള്ളവരുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി തയ്യാറാക്കാൻ കേരളത്തിന് സമയമായില്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സർക്കാർ രൂപവത്കരിച്ച ഉന്നതതലസമിതിയുടെ അന്തിമറിപ്പോർട്ട് കാത്തിരിക്കുന്നതായി സർക്കാർ അറിയിച്ചു.