എയർ ലിഫ്റ്റിംഗ് സാധ്യത തേടി കേരളം, സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകൾ എത്തും; മന്ത്രിതല സംഘം വയനാട്ടിലേക്ക്
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.
രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നു. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും.
രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂര് മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.
നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.