ന്യൂഡൽഹി: കനത്ത മഴയും ട്രാക്കിലെ വെള്ളക്കെട്ടും മൂലം ഉത്തരേന്ത്യയിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. മുന്നൂറിലധികം മെയിൽ / എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളുമാണ് ജൂലൈ 15 വരെ റദ്ദാക്കിയത്. കനത്ത മഴയിൽ ട്രാക്കുകളിൽ വെള്ളം കയറിയതാണ് ട്രെയിൻ സർവീസുകളെ വലച്ചത്.
ഏതാണ്ട് അറുന്നൂറോളം മെയിൽ / എക്സ്പ്രസ് ട്രെയിനുകളുടെയും അഞ്ചൂറോളം പാസഞ്ചർ ട്രെയിനുകളുടെയും പ്രവർത്തനത്തെ പൂർണമായും ഭാഗികമായും ബാധിച്ചിട്ടുണ്ട്. 100 മെയിൽ / എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 190ൽ അധികം വഴിതിരിച്ചുവിടുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു. അതുപോലെ 28 പാസഞ്ചർ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 54 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, എന്നിവിടങ്ങളിലെ തോരാത്ത മഴയും മോശം കാലാവസ്ഥയും അംബാല, ഡൽഹി, ഫിറോസ്പുർ, മൊറാദാബാദ് ഡിവിഷനുകളിലെ ട്രെയിൻ സർവീസുകളെ കാര്യമായി ബാധിച്ചെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ നിർദേശം നൽകുന്നതിനായി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്കുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ട്രെയിനുകളുടെ സമയമാറ്റം, റദ്ദാക്കൽ, വഴിതിരിച്ചുവിടൽ എന്നിവ യാത്രക്കാരെ അറിയിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ക്രമീകരണം ഒരുക്കി. യാത്രക്കാർക്കു വേണ്ട സഹായങ്ങൾ നൽകുന്നതിനും പണം തിരികെ നൽകുന്നതിനു പ്രത്യേക കൗണ്ടറുകൾ റെയിൽവേ സ്റ്റേഷനുകളിൽ തുറക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
യാത്രക്കാർക്കുള്ള ഭക്ഷണവിതരണവും ഉയർത്തി. ബാധിക്കപ്പെട്ട യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി ബസ് സർവീസുകളും ആരംഭിച്ചതായി റിപ്പോർട്ട്.