നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ കന്നിപ്പുറം കടവിന് സമീപത്തെയും ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ നൊച്ചിയൂര്‍ ഭാഗത്തെയും നെയ്യാറിന്റെ തീരത്തെ വീടുകള്‍ അപകടാവസ്ഥയില്‍. കനത്ത മഴയില്‍ കര കവിഞ്ഞ നദിയോട് ചേര്‍ന്ന് പല വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കെട്ടിനിന്നിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് വീടുകളുടെ അപകടാവസ്ഥ വ്യക്തമാകുന്നത്.
കന്നിപ്പുറം കടവിനു സമീപത്തെ വീടിന്റെ വലിയ മതില്‍ ഇടിഞ്ഞുവീണു. നൊച്ചിയൂര്‍ വാര്‍ഡിലെ ബണ്ട് റോഡ് തകര്‍ന്നു. ശബരിമുട്ടത്തെ ക്രിസ്തുദാസിന്റെ വീട് ഏതു നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലാണെന്ന് വാര്‍ഡ് മെന്പര്‍ അറിയിച്ചു. സമീപത്തെ ചില വീടുകളും അപകടഭീഷണി നേരിടുന്നു.
പല വീടുകളും വാസയോഗ്യമല്ലാതായി. ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കുളിലാണ് ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്നത്. എട്ടു കുടുംബങ്ങളിലായി 15 പേര്‍ നിലവില്‍ ക്യാന്പില്‍ കഴിയുന്നുണ്ട്. ചില വീട്ടുകാര്‍ ബന്ധുഗൃഹങ്ങളിലേയ്ക്ക് താത്കാലികമായി താമസം മാറ്റിയതായും അറിയുന്നു.