മുംബൈ:ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോയും എയർടെല്ലും തമ്മിലുള്ള മത്സരം കടുക്കുകയാണ്. ഡിസംബർ മാസത്തിലെ കണക്കുകൾ അനുസരിച്ച് ജിയോയും എയർടെല്ലും ഒന്നര ദശലക്ഷത്തിൽ അധികം ആക്ടീവ് യൂസേഴ്സിനെയാണ് അധികമായി ചേർത്തിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. വോഡാഫോൺ ഐഡിയയ്ക്കും ബിഎസ്എഎല്ലിനും വരിക്കാരെ നഷ്ടമായി.
ട്രായ് റിപ്പോർട്ട് അനുസരിച്ച് 2022 ഡിസംബറിൽ ജിയോയും എയർടെല്ലും മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഈ രണ്ട് ടെലിക്കോം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ എന്നിവയ്ക്ക് ഡിസംബറിൽ ധാരാളം വരിക്കാരെ നഷ്ടമായി. മൊത്തം വരിക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഭാരതി എയർടെൽ 1.52 ദശലക്ഷം വയർലെസ് വരിക്കാരെയാണ് നെറ്റ്വർക്കിലേക്ക് ചേർത്തിരിക്കുന്നത്. ജിയോ 1.70 ദശലക്ഷം വരിക്കാരെ ചേർത്തു. ഇത് ആക്ടീവ് യൂസേഴ്സിന്റെ കണക്കുകൾ മാത്രമല്ല, ടെലികോം കമ്പനികളുടെ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണത്തിലുള്ള വർധനവാണ്. ബിഎസ്എൻഎല്ലിന് 0.87 ദശലക്ഷം വയർലെസ് ഉപയോക്താക്കളെയാണ് ഡിസംബർ മാസത്തിൽ മാത്രം നഷ്ടപ്പെട്ടത്. വിഐയ്ക്ക് 2.47 ദശലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു.
ടെലികോം ഓപ്പറേറ്റർമാർക്ക് നിലനിൽപ്പിനായി ആക്ടീവ് യൂസേഴ്സിനെ ആവശ്യമാണ്. കമ്പനികൾക്ക് പണം ലഭിക്കുന്നത് റീചാർജുകളിലൂടെയാണ് എന്നതിനാൽ തന്നെ ആക്ടീവ് അല്ലാത്ത വരിക്കാർ ഉള്ള കമ്പനികൾക്ക് ആ വരിക്കാരെ കൊണ്ട് ലാഭമൊന്നും ഉണ്ടാവുകയില്ല. ഡിസംബർ മാസത്തിൽ എയർടെൽ ധാരാളം ആക്ടീവ് യൂസേഴ്സിനെ നെറ്റ്വർക്കിലേക്ക് ചേർത്തിട്ടുണ്ട് എങ്കിലും ജിയോ തന്നെയാണ് ഇപ്പോഴും മൊത്തം ആക്ടീവ് യൂസേഴ്സിന്റെയും കാര്യത്തിൽ ഒന്നാമൻ.
ഭാരതി എയർടെല്ലിന്റെ മൊത്തം ആക്ടീവ് വരിക്കാരുടെ എണ്ണം 2022 നവംബറിൽ 359 ദശലക്ഷമായിരുന്നു. 2022 ഡിസംബറിൽ ഇത് 364.98 ദശലക്ഷമായി ഉയർന്നു. ഏകദേശം 6 ദശലക്ഷം ആക്ടീവ് വയർലെസ് ഉപയോക്താക്കളെയാണ് ഒരു മാസത്തിൽ എയർടെൽ നെറ്റ്വർക്കിലേക്ക് ചേർത്തിരിക്കുന്നത്. റിലയൻസ് ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 2022 നവംബറിൽ 388 ദശലക്ഷമായിരുന്നു. 2022 ഡിസംബറിൽ ഇത് 390.7 ദശലക്ഷമായി ഉയർന്നു.
എയർടെല്ലിന്റെ മൊത്തം വരിക്കാരിൽ 99.29 ശതമാനം ആളുകളും ആക്ടീവ് വരിക്കാർ തന്നെയാണ്. അതേസമയം ജിയോയുടെ മൊത്തം വരിക്കാരുടെ 92.10 ശതമാനം മാത്രമേ ആക്ടീവ് യൂസേഴ്സ് ഉള്ളു. ഇന്ത്യൻ ടെലികോം വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ജിയോയുടെയും എയർടെല്ലിന്റെയും ആക്ടീവ് വരിക്കാരുടെ എണ്ണം തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. എയർടെൽ ഇതേ നേട്ടം തുടർന്നാൽ വൈകാതെ ജിയോയെ പിന്നിലാക്കാനും എയർടെല്ലിന് സാധിച്ചേക്കും.
പ്രതിമാസ അടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയയുടെ ആക്ടീവ് വരിക്കാരുടെ എണ്ണം 0.12 ദശലക്ഷം കുറഞ്ഞു. ബിഎസ്എൻഎല്ലിന്റെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിൽ 0.22 ദശലക്ഷം ആണ് കുറവ് വന്നിരിക്കുന്നത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (എആർപിയു) വർധിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ആക്ടീവ് യൂസേഴ്സിനെ കൂട്ടിച്ചേർക്കേണ്ടത് ആവശ്യമാണ്.
2022ൽ വോഡഫോൺ ഐഡിയയ്ക്ക് 20 ദശലക്ഷത്തിലധികം ആക്ടീവ് യൂസേഴിനെയാണ് നഷ്ടപ്പെട്ടതെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എയർടെല്ലും ജിയോയും പ്രധാനമായും വോഡഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെടുന്ന വരിക്കാരെയാണ് സ്വന്തമാക്കുന്നത്. വോഡാഫോൺ ഐഡിയയ്ക്ക് പുതിയ ആക്ടീവ് യൂസേഴ്സിനെ ചേർക്കാനും സാധിച്ചിട്ടില്ല.