വിസ്മയയുടെ മരണം കൊലപാതകമോ?സ്ത്രീയാണ് ധനമെന്ന് വാചകമടിച്ച കിരണിന്റെ കുടുംബവും കുടുങ്ങും
കൊല്ലം:സ്ത്രീധന പീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്‍റെ മേധാവി ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. മരിച്ച വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണും.തുടർന്ന് പോരുവഴിയിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ ഭർതൃഗൃഹത്തിലും ഐജിയെത്തും
വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനു പുറമേ മറ്റ് ബന്ധുക്കളെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. വിസ്മയയുടേത് തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഷ്യം. അതേ സമയം ഇന്നലെ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്.
സ്ത്രീധനമൊന്നും നല്‍കേണ്ടതില്ലെന്ന വാഗ്ദാനവുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറും കുടുംബവും വിവാഹ ആലോചനയുമായി വിസ്മയയുടെ കുടുംബത്തെ സമീപിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞപാടെ കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനം തുടങ്ങുകയായിരുന്നെന്ന് വിസ്മയയുടെ കുടുംബം പറയുന്നു. സ്ത്രീധനത്തിന്‍റെ പേരു പറഞ്ഞ് വിസ്മയയുടെ സഹോദരനെ പോലും കിരണ്‍കുമാര്‍ മര്‍ദിച്ചിരുന്നു.
സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്നൊക്കെയുളള വാചകമടിയുമായാണ് കിരണ്‍കുമാറും കുടുംബവും വിവാഹ ആലോചനയുമായി വിസ്മയയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇതെല്ലാം പൊളളത്തരമായിരുന്നെന്ന് വിസ്മയയുടെ കുടുംബം തിരിച്ചറിഞ്ഞത് വിവാഹത്തിനു ശേഷം മാത്രം. പ്രവാസി ജീവിതത്തിലെ തന്‍റെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയുമാണ് പിതാവ് ത്രിവിക്രമന്‍ നായര്‍ വിസ്മയയ്ക്ക് നല്‍കിയിരുന്നത്.
ഇതിനൊപ്പം പത്തു ലക്ഷം രൂപയോ കാറോ നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനമത്രയും. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണ്‍കുമാറിന്‍റെ ബന്ധുക്കളുടെ വിസ്മയയോടുളള പെരുമാറ്റത്തെ കുറിച്ചും പരാതിയുണ്ട്. പന്തളം എന്‍എസ്എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.