പാകിസ്ഥാനില്‍ 1,300 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി
പേഷാവര്‍: വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് ജില്ലയില്‍ 1,300 വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന വിഷ്ണു ക്ഷേത്രം കണ്ടെത്തി. പാക്-ഇറ്റാലിയന്‍ ഗവേഷകര്‍ സംയുക്തമായി നടത്തിയ പര്യവേഷത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. കണ്ടെത്തിയ ക്ഷേത്രം വിഷ്ണുവിന്റേതാണെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്ലെ ഖാലിഖ് അറിയിച്ചു. ഹിന്ദുഷാഹി സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
850-1026 സി.ഇ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമ്രാജ്യമാണ് ഹിന്ദു ഷാഹി അല്ലെങ്കില്‍ കാബൂര്‍ ഷാഹി. കാബൂള്‍ താഴ്വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍), ഗാന്ധാരം( ഇന്നത്തെ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍), ആധുനിക വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നീ പ്രദേശങ്ങളില്‍ ഇവരുടെ ഭരണം വ്യാപിച്ചിരുന്നു.ക്ഷേത്രത്തിന് സമീപം സൈനിക പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും വലിയ ജലസംഭരണിയുടെയും അവശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വാതിലുണ്ടെന്നും ഫസ്ലെ ഖാലിഖ് വ്യക്തമാക്കി. ഗാന്ധാര സംസ്‌കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പുരാവസ്തുസംഘത്തിന്റെ തലവന്‍ ഡോക്ടര്‍ ലൂക്ക പറഞ്ഞു.