മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ആറു കോടി രൂപയ്ക്കാണ് 2000 സ്ക്വയർ ഫീറ്റുള്ള വീട് കോലി വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടിയായി 36 ലക്ഷം രൂപ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അടച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 400 സ്ക്വയർ ഫീറ്റുള്ള സ്വിമ്മിങ് പൂൾ അടക്കമുള്ള വില്ലയാണു കോലി വാങ്ങിയത്.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയുടെ തിരക്കിലായതിനാൽ വിരാട് കോലിക്കു പകരം, സഹോദരൻ വികാസ് കോലിയാണു വില്ല വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അലിബാഗിനു സമീപത്തെ അവാസ് ഗ്രാമത്തിലാണു വീടുള്ളത്. പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ട പ്രദേശമാണിത്.
കോലിയുടെ സഹോദരൻ അലിബാഗ് സബ് റജിസ്ട്രാർ ഓഫിസിലെത്തി റജിസ്ട്രേഷന്‍ നടപടികൾ പൂർത്തിയാക്കി. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനുള്ള പരിശീലനത്തിലാണു കോലിയിപ്പോൾ. മാർച്ച് ഒന്നിന് ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിലാണു മത്സരം. പരമ്പരയിൽ 2–0ന് മുന്നിലെത്തിയതോടെ ഇന്ത്യ– ബോർഡർ ഗാവസ്കർ ട്രോഫി നിലനിർത്തി.