മുംബൈ: പാകിസ്ഥാനെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ഇംഗ്ലണ്ടിന്റെ വിജയത്തിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അഭിനന്ദനം അറിയിച്ചത്. ഇംഗ്ലണ്ടിനാണ് കിരീടം നേടാന്‍ അര്‍ഹതയെന്നും അഭിനന്ദനങ്ങളെന്നും കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. നേരത്തെ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനോട് തോറ്റാണ് ഇന്ത്യ സെമിയില്‍ പുറത്താവുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നു നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.
138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്‌സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്‌ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്‌റ്റോക്‌സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ സ്റ്റോക്‌സ് വിജയം പൂര്‍ത്തിയാക്കി.