തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴുദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം വിഴിഞ്ഞം സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.
സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസിൽ പ്രതിയാണ്.
സമരത്തോടുള്ള സര്‍ക്കാര്‍ സമീപനവും മാറുകയാണ്. അദാനി പറഞ്ഞ നഷ്ടക്കണക്ക് ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് തുറമുഖ നിര്‍മ്മാണ കമ്പനി പറയുന്നത്. മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം.
ആവശ്യങ്ങളിൽ ഒന്നിന് പോലും ന്യായമായ പരിഹാരം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം ശക്തമാക്കുമെന്നാണ് ഇന്ന് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സര്‍ക്കുലറിൽ പറയുന്നത്. തീരദേശത്ത് സംഘര്‍ഷ സധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ പൊലീസിന് നിര്‍ദ്ദേശമുണ്ട്. അവധിയിലുള്ളവര്‍ തിരിച്ചെത്തണം.