സന്തോഷ് ഈപ്പനെ തനിക്കറിയില്ല, കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമില്ല, നിലപാട് വ്യക്തമാക്കി വിനോദിനി ബാലകൃഷ്ണൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാര്‍ത്തകൾ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഈപ്പൻ തനിക്ക് ഫോണ്‍ നൽകിയിട്ടില്ലെന്നും വിനോദിനി പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുൽ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. ചോദ്യം ചെയ്യല്ലിനായി ബുധനാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു. കരമന സ്വദേശിയായ അഭിഭാഷകയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്‍റെ പുതിയ നീക്കം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ.
1,13,900 രൂപ വിലവരുന്ന ഐഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്‍റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നന്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കന്പനി യു.എ എഫ്.എക്സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.
സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായി. നിലവില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക എസ് ദിവ്യയെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.