ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലൺ ദ്യോർ നേരിയ വ്യത്യാസത്തിന് നഷ്ടമായ റയൽ താരത്തിന് ഫിഫ പുരസ്കാരം മധുരമുള്ള നേട്ടമായി.
സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റി മികച്ച വനിതാ താരമായി. തുടർച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്കാരം നേടുന്നത്. ബാലൺ ദ്യോർ പുരസ്കാരവും താരത്തിനാണ്. സ്പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിൽ നടത്തിയ തീപ്പൊരി പ്രകടനമാണ് ബ്രസീൽ താരം വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. സ്പാനിഷ് താരം റോഡ്രി, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, നോർവേ താരം ഏർലിങ് ഹാളണ്ട്, അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി എന്നിവരെ പിന്തള്ളിയാണ് മികച്ചതാരമായത്. ഇതിഹാസതാരങ്ങളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല.
ചരിത്രത്തിൽ പുരസ്കാരം നേടുന്ന ആറാം ബ്രസീൽ താരമാണ്. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുൻപ് ഫിഫയുടെ മികച്ച താരമായത്. 2007-ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തിൽനിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായി.
മറ്റ് പുരസ്‌കാരങ്ങള്‍
പുരുഷ ടീം പരിശീലകൻ – കാർലോ ആഞ്ചലോട്ടി (റയൽ മഡ്രിഡ്)
വനിതാ പരിശീലക – എമ്മ ഹെയ്‌സ് ( ചെൽസി/ യു.എസ്.)
പുഷ്‌കാസ് അവാർഡ് – അലസാൻഡ്രോ ഗർനാച്ചോ (മാഞ്ചെസ്റ്റർ യുണൈറ്റഡ് / അർജന്റീന)
മാർത്ത പുരസ്കാരം- മാർത്ത (ബ്രസീൽ)
ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺവില്ല/ അർജന്റീന)
വനിതാ ഗോൾകീപ്പർ- അലീസ നെഹർ ( ചിക്കാഗോ റെഡ് സ്റ്റാർ/ യു.എസ്.)
ഫെയർപ്ലേ-തിയാഗോ മയ (ബ്രസീൽ)
ഫാൻ പുരസ്കാരം- ഗ്വില്ലർമോ ഗ്രാൻഡ മൗറ (ബ്രസീൽ)