നരനിലെ വെറും നാലുവരി പാടാൻ സമയമെടുത്തു, അതിനിടയിൽ ചിത്രച്ചേച്ചി ഒരു ഫുൾ പാട്ടുപാടി
കൊച്ചി:നരൻ എന്ന ചിത്രത്തിലെ പാട്ടിന്റെ ചില ഭാഗങ്ങൾ പാടാൻ താൻ ഒരു ദിവസം മുഴുവൻ എടുത്തെന്ന് വിനീത് ശ്രീനിവാസൻ. എന്നാൽ ഗായിക ചിത്ര ഒരു ഗാനം മുഴുവൻ വെറും അരമണിക്കൂറിൽ പാടി തീർത്തെന്നും തനിക്ക് പാടി തീർക്കാൻ പറ്റാത്തതിൽ സങ്കടം തോന്നിയെന്നും, വിനീത് പറഞ്ഞു. യൂ ടോക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നരൻ റിലീസായ സമയം മുതൽ എല്ലാ സ്റ്റേജ് പരിപാടികൾക്കും ഞാൻ ‘ഓമൽ കണ്മണി’ പാടുന്നുണ്ട്. പക്ഷെ പടം റിലീസ് ചെയ്ത സമയത്തോ അത് കഴിഞ്ഞിട്ടുള്ള മൂന്നാല് വർഷമോ കിട്ടാത്ത സ്വീകാര്യത ഇപ്പോൾ കിട്ടുന്നുണ്ട്. കഴിഞ്ഞ ഒരു മൂന്നാല് വർഷമായിട്ടാണ് ഇത്രയും സ്വീകാര്യത കിട്ടുന്നത്. സാധാരണ കാലങ്ങൾ കഴിയുംതോറും പാട്ടിന്റെ ലൈഫ് കഴിയുകയാണ് ചെയ്യുന്നത്. എത്ര ഹിറ്റായ പാട്ടണെങ്കിലും അതിന്റെ പോപ്പുലാരിറ്റി കുറഞ്ഞ് കുറഞ്ഞ് വരും.
പരിപാടികളിൽ പാട്ടുകൾ പാടുമ്പോൾ നമുക്കറിയാൻ പറ്റും ഇപ്പോൾ ആളുകൾക്ക് ഈ പാട്ട് പാടുമ്പോൾ പഴയ ഓളം ഇല്ലല്ലോ എന്ന്. അപ്പോൾ തന്നെ നമ്മൾ ആ പാട്ടിനെ ഒരു സൈഡിലേക്ക് വെച്ചിട്ട് അടുത്ത പാട്ട് പിടിക്കും. പക്ഷെ നരനിലെ ഈ പാട്ടിന് അടുത്ത കാലത്തിറങ്ങിയ പാട്ട് പാടിയാൽ കിട്ടാത്ത ഓളം ആണ് കിട്ടുന്നത്. ‘ഏജിങ് ലൈക് ഫൈൻ വൈൻ’ (പഴകും തോറും വീര്യം കൂടുന്ന വൈൻ) എന്ന് പറയില്ലേ അതുപോലെ.
ആ ഗാനം പാടുമ്പോൾ ഞാൻ സ്റ്റുഡിയോയിൽ സർക്കസ് കളിച്ച് നിന്നിട്ട് ആ പാട്ടിലെ നാല് വാരി പാടാൻ സമയമെടുത്തു. അത് കേൾക്കുമ്പോൾ ഒട്ടും ബുദ്ധിമുട്ടുള്ളതൊന്നുമല്ല. പക്ഷെ എന്തോ കാരണം കൊണ്ട് അന്ന് അതിന്റെ ശ്രുതി ശരിയായില്ല.
അതിനിടയിൽ ചിത്ര ചേച്ചി വന്ന് ‘മിന്നടി മിന്നടി മിന്നാമിനുങ്ങേ’ എന്ന ഗാനം വെറും അര മണിക്കൂർ കൊണ്ട് പാടിയിട്ട് പോയി. എനിക്ക് വെറും നാല് വാരി പാടാൻ പറ്റുന്നില്ല. ചേച്ചി ആണെങ്കിൽ പാടിയിട്ടും പോയി. അപ്പോഴേക്കും എനിക്ക് ഭയങ്കര സങ്കടമായി. എനിക്ക് ആ നാലുവരി പോലും പാടാൻ പറ്റുന്നില്ല ചേച്ചി ഒരു ഫുൾ പാട്ട് പാടിയല്ലോ എന്നൊക്കെ തോന്നി. അതിന് ശേഷം റെക്കോർഡ് ചെയ്തപ്പോഴാണ് ശരിയായത്.
കുറെ ജനങ്ങളുടെ ഒരു വികാരം കൂടി ആ പാട്ടിൽ ഉണ്ട്. അവർ അതിനെ നന്നായി ഇഷ്ടപ്പെടുന്നതുകൊണ്ടാണ് നമുക്ക് അത് സ്റ്റേജിൽ പാടുമ്പോൾ ആ എനർജി കിട്ടുന്നത്. വേറെ ഒരു പാട്ടും പാടുമ്പോൾ കിട്ടാത്ത എനർജി ‘നരൻ’ പാടുമ്പോൾ കിട്ടാറുണ്ട്,’ വിനീത് പറഞ്ഞു.
അതേസമയം, വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.