ആ വോയ്‌സ് റെക്കോഡുകള്‍ തന്റേത് തന്നെ; കുറ്റം സമ്മതിച്ച് വിനായകന്‍
കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ യുവതിയോട് സംസാരിച്ച കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. വിനായകന്‍ സംസാരിച്ചത് മദ്യലഹരിയിലാണെന്നും സ്വബോധത്തോടെയായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
യുവതി നല്‍കിയ ഫോണ്‍ സംഭാഷണം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം വിനായകന്റേതാണെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനായകനെ പൊലീസ് ചോദ്യം ചെയ്തത്. സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്ന് സമ്മതിച്ച വിനായകന്‍ താന്‍ ആദ്യം സംസാരിച്ചത് ഒരു പുരുഷനോടാണെന്നും പറഞ്ഞു.
മൂന്ന് തവണ അയാള്‍ വിളിച്ചെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി വിളിച്ചതെന്നും വിനായകന്‍ മൊഴി നല്‍കി. ഫോണ്‍ രേഖയുമായി ബന്ധപ്പെട്ട സൈബര്‍ സെല്‍ വിവരങ്ങള്‍ ലഭിക്കാന്‍ താമസമുണ്ടാകുമെന്നാണ് വിവരം. അതേസമയം, കുറ്റപത്രം വൈകാതെ കല്‍പ്പറ്റ സിജെഎം കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമര്‍ശവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കവേ വിനായകന്‍ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.