KeralaNews

18 വയസു വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയുടെ വിശദാംശങ്ങൾ

തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത ശിശുവികസന വകുപ്പ് 2,35,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഓരോ ജില്ലയിലേയും 70 കുട്ടികള്‍ വീതം ആകെ 980 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനുമുള്ള വഴിയൊരുക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിന് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജ്ഞാന ദീപ്തി. ജെ.ജെ. സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വീടുകളിലേക്ക് പഠനത്തിനാവശ്യമായ ധനസഹായത്തോടെ മാറ്റുകയാണ് ലക്ഷ്യം.

സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയ്ക്ക് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 18 വയസാകുന്നതുവരെ ഏതാണ് ആദ്യം അതനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. വിവിധ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളില്‍ താമസക്കാരായ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പ്രാധാന്യം നല്‍കുന്നത്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ജെ.ജെ. രജിസ്‌ട്രേഷന്‍ നേടേണ്ട സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടുകയുണ്ടായി. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ താമസിപ്പിക്കേണ്ടിയും വരുന്നു. ഇതില്‍ പല കുട്ടികളും ചെറിയ ധനസഹായം ലഭിക്കുന്നതിലൂടെ സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് വിജ്ഞാന ദീപ്തി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker