വില്ലനാവാൻ നായകന്മാര്‍ ‘വൈകാരിക സമ്മർദ്ദം’ ചൊലുത്തുന്നു ;കുറച്ച് വർഷത്തേക്ക് സിനിമയില്‍ വില്ലൻ വേഷങ്ങൾ ചെയ്യുന്നത് നിർത്തുമെന്ന് വിജയ് സേതുപതി
പനാജി: കുറച്ച് വർഷത്തേക്ക് സിനിമയില്‍ വില്ലൻ വേഷങ്ങൾ ചെയ്യുന്നത് നിർത്തുമെന്ന് വെളിപ്പെടുത്തി വിജയ് സേതുപതി. അടുത്തിടെ ഷാരൂഖ് ഖാൻ നായകനായ ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തിയിരുന്നു. വില്ലൻ വേഷം ചെയ്യുന്നതിനായി ചില നായകന്മാര്‍ വളരെയധികം ‘വൈകാരിക സമ്മർദ്ദം’ ഉണ്ടാക്കുന്നുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു. ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രമേളയിൽ നടൻ ഖുശ്ബു സുന്ദറുമായി നടത്തിയ സംഭാഷണത്തിലാണ് വിജയ് സേതുപതി ഈ കാര്യം പറഞ്ഞത്. പല ചിത്രങ്ങളിലും നായകൻ തന്നെ വിളിച്ച് വില്ലന്‍ വേഷം അവതരിപ്പിക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയെന്ന് വിജയ് പറഞ്ഞു. അവർ എന്നിൽ വൈകാരിക സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു, അത് ഞാൻ നേരിടാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വിഷമമില്ല, പക്ഷേ ഇപ്പോഴും ഞാൻ വില്ലനായി അഭിനയിക്കുന്നത് നിയന്ത്രിക്കുകയാണ്. അവർ എന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കുന്ന ചില കാര്യങ്ങള്‍ എഡിറ്റിംഗില്‍ പോകുന്നുമുണ്ട് , വിജയ് സേതുപതി പറഞ്ഞു.
അതിനാൽ പതുക്കെ ഞാൻ അത് ചെയ്യണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലും ആശങ്കയിലും കാര്യങ്ങള്‍ എത്തി. അതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇനി കുറച്ചു വർഷത്തേക്കെങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യേണ്ടെന്ന്. ഞാൻ വില്ലൻ വേഷം ചെയ്യില്ലെന്ന് പറഞ്ഞാല്‍ നിങ്ങൾ സ്ക്രിപ്റ്റ് എങ്കിലും കേൾക്കൂ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
അടുത്തിടെ വില്ലന്‍ വേഷങ്ങളില്‍ വളരെ തിളങ്ങിയ താരമാണ് വിജയ് സേതുപതി. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററില്‍ വിജയിയുടെ വില്ലനായി അദ്ദേഹം എത്തിയിരുന്നു. പിന്നാലെ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ വിക്രത്തിലും അദ്ദേഹം വില്ലനായി എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്ലി സംവിധാനം ചെയ്ത ജവാനില്‍ വില്ലനായി വിജയ് സേതുപതി എത്തിയത്.
അതേ സമയം ഹിന്ദിയിലും തമിഴിലും അടക്കം ഒരുപിടി ചിത്രങ്ങളുടെ ഭാഗമാണ് വിജയ് സേതുപതി. അരവിന്ദ് സ്വമി അടക്കം അഭിനയിച്ച ഗാന്ധി ടോക്ക് എന്ന ചിത്രമാണ് അവസാനമായി വിജയ് സേതുപതി അഭിനയിച്ചതായി പുറത്ത് എത്തിയ ചിത്രം. മെറി ക്രിസ്മസ് അടക്കം വലിയ ചിത്രങ്ങള്‍ താരത്തിന്‍റെതായി വരാനുണ്ട്.