രണ്ട് ചിത്രങ്ങൾ കൂടി, അഭിനയം നിർത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി വിജയ്
ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് നടൻ വിജയ്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു.
തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിൻ്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എൻ്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും’, വിജയ് പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ആർക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. വരുന്ന ഏപ്രിലിൽ സമ്മേളനം നടത്തും.
നിലവിൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെം’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരുക്കുന്നത്. താരത്തിന്റെ കരിയറിലെ 68-ാം ചിത്രമാണിത്. ഇത് കൂടാതെ ഒരു ചിത്രം കൂടി താരം ചെയ്യുമെന്നാണ് വിവരങ്ങൾ.