ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. വിജിലൻസ് സംഘം എത്തിയപ്പോൾ അബ്ദുള്ളക്കുട്ടി വീട്ടിലുണ്ടായിരുന്നു അദ്ദേഹം വിജിലൻസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. നേരത്തെ ഇതേക്കുറിച്ചുള്ള വിവരങ്ങൾ കണ്ണൂർ ഡിടിപിസിയിൽ നിന്നും വിജിലൻസ് ശേഖരിച്ചിരുന്നു.
2016-ലെ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂർ കോട്ടയിൽ ഒരുക്കിയത്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞെങ്കിലും ഒരു ദിവസം മാത്രമാണ് ഇവിടെ ഷോ നടത്തിയത്. വിനോദസഞ്ചാരികളെ ആകർഷിക്കാനായിരുന്നു പദ്ധതിയെന്നായിരുന്നു കേട്ടതെങ്കിലും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കിയതിൽ വൻക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന് കിട്ടിയ പരാതി. 2001-16 കാലത്ത് കണ്ണൂർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ അധ്യക്ഷനാവുകയും ചെയ്തിരുന്നു