ഹനോയ്: വിയറ്റ്നാമിൽ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണിൽ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോൾ വിയറ്റ്നാമിൽ സ്ഥിരീകരിച്ചത്.
ഇതിനോടകം 6856 പേർക്ക് മാത്രമാണ് വിയറ്റ്നാമിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേർ മരിച്ചു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമിൽ നിലവിൽ കേസുകൾ ഉയരുന്നതാണ് കാഴ്ച. ഈ വർഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങളിൽ വിയറ്റ്നാമിൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.